Connect with us

Gulf

സമുദ്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ സ്‌പോണ്‍സറായി ബോയിംഗ്

Published

|

Last Updated

ഡിംഡക്‌സ് പ്രതിനിധികള്‍ ബോയിംഗുമായി കരാര്‍ ഒപ്പു വെക്കുന്നു

ദോഹ: ലോകോത്തര വിമാന കമ്പനിയായ ബോയിംഗ് ആറാമത് ദോഹ അന്താരാഷ്ട്ര സമുദ്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ (ഡിംഡക്‌സ്) സ്‌പോണ്‍സറാകും. ഇതു സംബന്ധിച്ചുള്ള കരാറില്‍ അധികൃതര്‍ ഒപ്പു വെച്ചു.
ഡിംഡെക്സിന്റെ പ്ലാറ്റിനം സ്പോണ്‍സറായാണ് ബോയിംഗ് കമ്പനി സഹകരിക്കുക. ഖത്വരി സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ (പൈലറ്റ്) ഗാനിം ബിന്‍ സഹീന്‍ അല്‍ ഗാനിമിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. ബോയിംഗ് കമ്പനി മധ്യപൂര്‍വ മേഖല ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വെയ്ല്‍ സഊദും ഡിംഡെക്സ് ചെയര്‍മാന്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ അബ്ദുല്‍ബഖി സാലിഹ് അല്‍ അന്‍സാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഡിംഡെക്സിന്റെ ആരംഭം തൊട്ട് അമേരിക്കന്‍ കമ്പനികളാണ് പ്രധാന പ്രദര്‍ശകരെന്നും ഡിംഡെക്സിലെ ആകര്‍ഷണമായി മാറുന്നത് അമേരിക്കയുടെ പവലിയനുകളാണെന്നും മേജര്‍ ജനറല്‍ അല്‍ ഗാനിം പറഞ്ഞു. ഡിംഡെക്സിലൂടെ ബോയിംഗ് കമ്പനിക്ക് തങ്ങളുടെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും വില്‍പ്പന കരാറുകളിലെത്താനും അവസരം ലഭിക്കുന്നു. ഡിംഡെക്‌സ് പത്താം വാര്‍ഷികാഘോഷം കൂടിയാണ് ഇത്തവണ. മാര്‍ച്ച് 12 മുതല്‍ പതിനാല് വരെ നീളുന്ന ആറാമത് ഡിംഡെക്സ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഖത്വരി സായുധ സേനയാണ് നടത്തുന്നത്.

സമുദ്ര സുരക്ഷാ രംഗത്തേയും പ്രതിരോധ മേഖലയിലേയും നൂതനമായ സാങ്കേതിക വിദ്യകളാണ് ഡിംഡെക്സില്‍ പ്രദര്‍ശിപ്പിക്കുന്നത്. അനുബന്ധമായി നടത്തുന്ന മധ്യപൂര്‍വ മേഖലാ നാവിക കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ മയക്കുമരുന്ന് കള്ളക്കടത്ത്, മനുഷ്യകടത്ത്, സമുദ്രമാര്‍ഗമുള്ള അനധികൃത കുടിയേറ്റം, സമുദ്ര ആസ്തികളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച് ചര്‍ച്ചകളും സെമിനാറുകളും നടക്കും. നയാസൂത്രകര്‍, പ്രതിരോധ, സമുദ്ര മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാമാണ് ഡിംഡെക്സില്‍ പങ്കെടുക്കുന്നത്.

പ്രദര്‍ശനത്തില്‍ സമുദ്ര സുരക്ഷാ, വെല്ലുവിളികളെ അതിജീവിക്കാനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും അന്തര്‍ജല ഓപറേഷനുകള്‍ക്കുള്ള ഉപകരണങ്ങള്‍, സമുദ്ര വാഹനങ്ങള്‍ എന്നിവയെല്ലാമാണ് പ്രദര്‍ശിപ്പിക്കുക. മധ്യപൂര്‍വ വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെ സമുദ്ര സുരക്ഷ സംബന്ധിച്ച ഏറ്റവും പ്രധാന പ്രദര്‍ശനങ്ങളിലൊന്നാണ് ഡിംഡെക്സ്. നിരവധിയാളുകള്‍ മേള കാണാനെത്തും.