പോലീസിനെ ആക്രമിച്ച് ലശ്കര്‍ കമാന്‍ഡറെ രക്ഷപ്പെടുത്തിയ സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: February 8, 2018 1:04 pm | Last updated: February 8, 2018 at 5:09 pm

ശ്രീനഗര്‍: വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ച ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ അബു ഹന്‍സുല്ല എന്ന നവീദ് ജാട്ട്‌നെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ബൈക്കിലെത്തിയ രണ്ട് തീവ്രവാദികളാണ് ആശുപത്രിയില്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ത്ത് നവീദിനെ മോചിപ്പിച്ചത്. എന്നാല്‍ ഇവരെക്കൂടാതെ അഞ്ച് പേര്‍കൂടി ആശുപത്രിയില്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നവീദിനെ കരണ്‍ നഗറിലുള്ള ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് പുറത്ത് കാത്തിരുന്ന തീവ്രവാദികള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ മുഷ്താഖ് അഹ്മദ്, കോണ്‍സ്റ്റബിള്‍ ബാബര്‍ അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയാണ് നവീദ്. 2011ല്‍ ലശ്കറില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച നവീദ്, കഴിഞ്ഞ നാല് വര്‍ഷമായി താഴ്‌വരയില്‍ നടന്ന നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. കഴിഞ്ഞ വര്‍ഷം കുല്‍ഗാമില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.