Connect with us

Kerala

ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ എടികെ

Published

|

Last Updated

കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി. സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുമ്പോഴും എടികെയുടെ ക്യാമ്പില്‍ ആത്മവിശ്വാസം കുറവാണ്. ടെഡി ഷെറിംഗ്ഹാം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായിട്ടും എടികെ ട്രാക്കിലായിട്ടില്ല. പകരമെത്തിയ കോച്ച് ആഷ്‌ലി വെസ്റ്റ് വുഡിന് തുടരെ മൂന്ന് മത്സരങ്ങളില്‍ തോല്‍വിയാണ് സമ്മാനിക്കാന്‍ സാധിച്ചത്. ബെംഗളുരു എഫ് സിയുടെ മുന്‍ കോച്ചായ ആഷ്‌ലി ഇപ്പോഴും എടികെക്ക് പിറകില്‍ ഉറച്ചു നില്‍ക്കുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ 27 പോയിന്റുമായി ടോപ് ഫോറിലേക്ക് കയറാനുള്ള സാധ്യത നിലനില്‍ക്കുമെന്നാണ് ആഷ്‌ലിയുടെ വിശ്വാസം. പക്ഷേ, ഇതെല്ലാം കണക്കിലെ പ്രതീക്ഷകള്‍ മാത്രമാണ്. യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ്.

13 മത്സരങ്ങളില്‍ 12 പോയിന്റാണ് എടികെക്കുള്ളത്. ടേബിളില്‍ എട്ടാം സ്ഥാനത്ത്. എന്നാല്‍, നാലാം സ്ഥാനത്ത് ഇപ്പോഴുള്ള ടീമായ ജംഷഡ്പൂര്‍ എഫ് സിക്ക് 22 പോയിന്റുണ്ട്. പത്ത് പോയിന്റ് മുകളിലാണ് ജംഷഡ്പുര്‍. ഈ അന്തരം കുറച്ചു കൊണ്ടു വരിക അത്ര എളുപ്പമല്ല. മുന്‍നിര ടീമുകള്‍ അത്ഭുതകരമാം വിധം മോശം നിലവാരത്തിലേക്ക് പോയാലെ എടികെക്ക് സാധ്യതയുള്ളൂ. നിലവില്‍ അത്തരമൊരു അവസ്ഥയില്ല. ടോപ് ഫോറില്‍ കയറിക്കൂടാന്‍ ഏറ്റവും മികച്ച ലൈനപ്പുമായാണ് കേരളബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയിലെത്തിയിട്ടുള്ളത്. 14 മത്സരങ്ങളില്‍ 20 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. സെമി സാധ്യതയുള്ള ടീമുകളില്‍ ഒന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ടോപ് ഫോറില്‍ പോരാട്ടം സൃഷ്ടിക്കാം.
മൂന്ന് വിദേശ താരങ്ങളെ കൂടാതെയാണ് എടികെ മത്സരത്തിന് തയ്യാറെടുക്കുന്നത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബി കീന്‍, പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ സെക്വൂഞ്ഞ, വെയില്‍സ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് കോട്ടെറില്‍ എന്നിവര്‍ ടീമിന് പുറത്താണ്. ബെംഗളുരു എഫ് സിയോട് കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വി എടികെയുടെ ഫോം ചോദ്യം ചെയ്യുന്നതായി. പത്ത് പേരുമായി കളിച്ച ബെംഗളുരു എഫ് സിക്കെതിരെ എടികെ കാഴ്ചക്കാരായി മാറിയിരുന്നു. ബെംഗളുരുവിന്റെ ഗംഭീര ഫോമിനെ പ്രകീര്‍ത്തിക്കുകയാണ് എടികെ കോച്ച് ആഷ്‌ലി ചെയ്തത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് തുടരെ രണ്ട് ജയങ്ങളുമായാണ് കളിക്കാനിറങ്ങുന്നത്. പൂനെക്കെതിരെ സി കെ വിനീത് ഇഞ്ചുറി ടൈമില്‍ നേടിയ ഗോള്‍ എതിരാളികളുടെ ചങ്കിടിപ്പേറ്റും. ജാക്കിചന്ദ് നേടിയ ലോംഗ് റേഞ്ചര്‍ ഗോളും ബ്ലാസ്‌റ്റേഴ്‌സ് ടീമിന് പുത്തന്‍ ഊര്‍ജം നല്‍കിയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കണം. ഒരു ചെറു പിഴവ് പോലും സംഭവിച്ച് കൂടാ – ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ധാരാളം പ്രതിഭകളുണ്ട്. എന്നിട്ടും ടീം ലീഗ് ടേബിളില്‍ താഴെയായത് അതിശയപ്പെടുത്തി. അതേ കളിക്കാരെ വെച്ചാണ് താനിപ്പോള്‍ പൊരുതുന്നത്. വലിയ പ്രതീക്ഷയോടെയാണ് താന്‍ മുന്നോട്ടു പോകുന്നത് – ജെയിംസ് പറഞ്ഞു. ടൂര്‍ണമെന്റില്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന് രണ്ട് മത്സരങ്ങളില്‍ സസ്‌പെന്‍ഷനാണ്. ഇന്ന് കളിക്കാന്‍ സാധിക്കില്ല. ഇയാന്‍ ഹ്യൂം ഉള്‍പ്പടെയുള്ള താരങ്ങളുടെ പരുക്കും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്.

 

Latest