ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ്: ഉത്തര്‍ പ്രദേശില്‍ 33 പേര്‍ക്ക് എച്ച്‌ഐവി

Posted on: February 7, 2018 2:10 pm | Last updated: February 7, 2018 at 5:44 pm

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ വ്യാജ ഡോക്ടര്‍ ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് 33 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ എച്ചഐവി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

ചികിത്സ നടത്തിയത് വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജനുവരി 24,25 തീയതികളില്‍ പ്രേംഗഞ്ച്, ചക്മര്‍പുര്‍, കിര്‍വിദിയാപുര്‍ എന്നിവിടങ്ങളില്‍ നടത്തിയ ആരോഗ്യ ക്യാമ്പില്‍ 33 പേര്‍ക്ക് എച്ച് ഐവി ബാധസ്ഥിരീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് പി ചൗധരി പറഞ്ഞു.

ഇതില്‍ ആറുവയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടും. ഇവരെ കാര്‍പൂരിലെ എആര്‍ടി സെന്ററിലേക്ക് മാറ്റി.