Connect with us

National

മകന്റെ മരണത്തില്‍ വര്‍ഗീയ മുതലെടുപ്പ് നടത്തുന്നതിനെതിരെ ഈ പിതാവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: മകന്റെ മരണത്തിന് വര്‍ഗീയ നിറം ചാര്‍ത്തി മുതലെടുപ്പ് നടത്തേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അങ്കിത് സക്‌സേനയുടെ പിതാവ് യശ്പാല്‍ സക്‌സേന. മകന്റെ മരണം ചിലര്‍ വര്‍ഗീയമായി മുതലെടുപ്പ് നടത്തുന്നതില്‍, ഏക പുത്രന്‍ നഷ്ടപ്പെട്ട ഈ പിതാവിന്റെ മനം നീറുകയാണ്.

എരിതീയില്‍ എണ്ണയൊഴിക്കുന്ന ഒരു പ്രസ്താവനയും തനിക്ക് വേണ്ട. മകന്റെ മരണത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ഇത് മുന്‍നിര്‍ത്തി മുസ്‌ലിംകള്‍ക്കെതിരെ ശത്രുതാ അന്തരീക്ഷം സൃഷ്ടിക്കുന്നത് തനിക്ക് ഇഷ്ടമല്ല. മതത്തോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും സക്‌സേന എന്‍ ഡി ടി വിയോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 23കാരനും ഫോട്ടോഗ്രാഫറുമായ അങ്കിത് സക്‌സേനയെ മുസ്‌ലിമായ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ കൊല്ലുന്നത്.
മകനെ കൊന്നത് മുസ്‌ലിം പേരുള്ളവരാണെങ്കിലും എല്ലാ മുസ്‌ലിംകളെയും അക്കാര്യത്തില്‍ മുദ്ര കുത്തരുത്. വര്‍ഗീയ അസ്വാസ്ഥ്യം പ്രചരിപ്പിക്കാന്‍ തന്നെ ദയവ് ചെയ്ത് ഉപയോഗിക്കരുത്. അതിലേക്ക് തന്നെ വലിച്ചിഴക്കരുത്. മതവുമായി ഇതിനെ ബന്ധിപ്പിച്ച് അന്തരീക്ഷം കലുഷിതമാക്കരുതെന്ന് എല്ലാവരോടും അപേക്ഷിക്കുകയാണ്.

തെരുവില്‍ വെച്ച് മകന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരാളും തിരിഞ്ഞുനോക്കിയില്ല. ആയിരങ്ങളുടെ മധ്യത്തില്‍ വെച്ചാണ് കൊലപാതകമുണ്ടായത്. ആരും അക്രമികളെ തടഞ്ഞതുമില്ല. അക്രമികളെ തൂക്കിക്കൊല്ലണമെന്നാണ് തന്റെ ആവശ്യമെന്നും പിതാവ് യശ്പാല്‍ സക്‌സേന പറഞ്ഞു.

Latest