കാര്‍ രഹിത ദിനത്തിന് ഐക്യദാര്‍ഢ്യം; ഷാര്‍ജയില്‍ നിന്ന് നടന്നെത്തി ശ്രദ്ധേയനായി

Posted on: February 5, 2018 11:22 pm | Last updated: February 5, 2018 at 11:22 pm

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് കാര്‍ രഹിത ദിനത്തില്‍ നടന്നെത്തിയയാള്‍ അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. ഇന്ത്യക്കാരനായ മുഹമ്മദ് യൂസഫ് ജാവേദാണ് നഗരസഭാ അധികൃതരുടെ പ്രശംസ പിടിച്ചു പറ്റിയത്. 52 വയസുള്ള ജാവേദിന് 22 വര്‍ഷം മുന്‍പ് മുംബൈയില്‍ വെച്ചുണ്ടായ ട്രെയിന്‍ അപകടത്തില്‍ കൈ നഷ്ടപ്പെട്ടിരുന്നു. അതോടൊപ്പം ചികിത്സയുടെ ഭാഗമായി ഇരു കാലുകള്‍ക്കും സ്റ്റീല്‍ റോഡ് ബന്ധിപ്പിച്ചിട്ടുണ്ട്. ഇടത് കൈയുടെ ഭാഗത്തു കൃത്രിമ കൈ ഘടിപ്പിച്ചാണ് ജാവേദിന്റെ ജീവിതം.

ഷാര്‍ജ കസബയിലെ തന്റെ വീട്ടില്‍ നിന്ന് രാവിലെ 6.20നാണ് കാര്‍ രഹിത ദിനത്തിനോട് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള യാത്ര ആരംഭിച്ചത്. എട്ടു മണിയോടെ യൂണിയന്‍ മെട്രോ പാര്‍ക്ക് പരിസരത്തു എത്തിച്ചേരുകയായിരുന്നുവെന്ന് ജാവേദ് പറഞ്ഞു. ബുര്‍ജുമാന്‍ സെന്ററിനരികിലുള്ള തന്റെ ഓഫീസിലേക്ക് രണ്ടു മണിക്കൂര്‍ കാര്‍ യാത്രക്ക് എടുക്കുക പതിവാണ്. അതേസമയം, തന്റെ വാഹനമില്ലാതെ നടന്നെത്തിയത് കുറഞ്ഞ സമയം കൊണ്ടാണെന്ന് ജാവേദ് പറയുന്നു. കാര്‍ രഹിത ദിന പ്രചാരണത്തിന് പ്രത്യേക പ്ലക്കാര്‍ഡും കയ്യിലേന്തിയായിരുന്നു ജാവേദിന്റെ നടത്തം. ഗുജറാത്തിലെ കച് സ്വദേശിയായ ജാവേദ് ഇപ്പോള്‍ കേരത്തില്‍ കൊച്ചിയിലാണ് സ്ഥിരതാമസം.

പരിസ്ഥിതി സൗഹൃദ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്ന ദുബൈ നഗരസഭയുടെ പരിപാടികളോട് ഐക്യദാര്‍ഢ്യം അറിയിച്ച ജാവേദിനെ നഗരസഭാ ഉന്നത ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു.