ശശീന്ദ്രനെതിരായ ഹരജിനല്‍കിയത് തോമസ് ചാണ്ടിയുടെ പി എയുടെ സഹായി

തിരുവനന്തപുരം
Posted on: February 3, 2018 8:04 pm | Last updated: February 4, 2018 at 12:59 pm

ഫോണ്‍കെണി കേസില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹരജി നല്‍കിയത് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പി എയുടെ സഹായി. തോമസ് ചാണ്ടിയുടെ പി എ ശ്രീകുമാറിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മഹാലക്ഷ്മിയാണ് ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്. തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറി ശ്രീകുമാറിന്റെ മക്കളെ നോക്കുന്ന തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹരജിക്കാരി. എന്നാല്‍, മഹാലക്ഷ്മിയുടെ ഹരജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് ഹരജി നല്‍കിയതെന്നുമാണ് ഇവരുടെ മകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ശശീന്ദ്രനെതിരെ കോടതിയില്‍ കരുനീക്കിയത് മുന്‍ മന്ത്രി തോമസ് ചാണ്ടിയെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാല്‍, ഇതിന് പിന്നില്‍ തോമസ് ചാണ്ടിയാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

ഫോണ്‍കെണി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടര്‍ന്ന് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

തനിക്ക് പ്രായപൂര്‍ത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാല്‍ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നും ഹരജിയില്‍ പറയുന്നു. ഭയം കാരണമാണ് കേസിലെ പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ആരോപണത്തില്‍ നിന്ന് പിന്മാറിയതെന്നും ഹരജിയില്‍ പറയുന്നു.

ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ, ഔദ്യോഗിക വസതിയില്‍ അഭിമുഖത്തിന് പോയ തിരുവനന്തപുരം കണിയാപുരം സ്വദേശിയായ ചാനല്‍ പ്രവര്‍ത്തകയാണ് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 26ന് ശശീന്ദ്രന്‍ രാജിവെക്കുകയായിരുന്നു. പരാതിയില്ലെന്നുള്ള ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും മന്ത്രിയായി സ്ഥാനമേറ്റെടുത്തത്.