Connect with us

National

സൈന്യത്തിന് നേരെ കല്ലേറ് നടത്തിയ 9,730 പേര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കും: മെഹ്ബൂബ മുഫ്തി

Published

|

Last Updated

ജമ്മുകശ്മീര്‍: സൈന്യത്തിനുനേരെ കല്ലേറ് നടത്തിയ 9,730 പേര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരുതവണ മാത്രം കല്ലേറ് നടത്തിയവര്‍ അടക്കമുള്ളവര്‍ക്കെതിരായ കേസുകളാണ് പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിയമസഭയെ അറിയിച്ചു.

സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിബന്ധനകള്‍ക്ക് വിധേയമായിട്ടാവും 1745 പേര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക. നിസാര സംഭവങ്ങളില്‍പ്പെട്ട 4000 പേര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

 

സൈന്യത്തിന് നേരെ കല്ലേറ് നടത്തിയവരില്‍ 56 പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 16 പേര്‍ ഹുറീയത്ത് കോണ്‍ഫറന്‍സുമായി ബന്ധമുള്ളവരുമാണ്. 4074 പേര്‍ ഭീകര സംഘടനകളുമായോ വിഘടനവാദി സംഘടനകളുമായോ ബന്ധമില്ലാത്തവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം വ്യാപക അക്രമമാണ് കശ്മീരില്‍ നടന്നത്. 85 പേര്‍ക്ക് ഇതേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.