Connect with us

Ongoing News

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവന്മരണ പോരാട്ടം; പൂനെയെ വീഴ്ത്തണം

Published

|

Last Updated

പൂനെ: ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ആദ്യ മൂന്ന് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അപരാജിതര്‍. ഇടക്ക് തിരിച്ചടി നേരിട്ടെങ്കിലും ഡല്‍ഹിക്കെതിരെ ജയിച്ചു കൊണ്ട് തിരിച്ചുവരവ്. 13 മത്സരങ്ങളില്‍ 17 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്ത്. ആദ്യ നാല് ടീമുകളില്‍ ഒന്നാകണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയങ്ങോട്ട് വിജയക്കുതിപ്പ് അനിവാര്യം. ഇന്ന് പൂനെയുടെ തട്ടകത്തില്‍ ഇറങ്ങുകയാണ് ജെയിംസും സംഘവും. 12 മത്സരങ്ങളില്‍ 22 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പൂനെ എഫ് സിയെ വീഴ്ത്തുക എളുപ്പമല്ല.

ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിഫൈനല്‍ ബെര്‍ത് പൊരുതിയെടുക്കാനുള്ള ആത്മവിശ്വാസം കരഗതമാകും. പൂനെയാണെങ്കില്‍ ആദ്യമായി സെമിഫൈനല്‍ സ്‌പോട് ഉറപ്പിക്കാനുള്ള തത്രപ്പാടില്‍.
കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമാണ് പൂനെ വഴങ്ങിയത്. റാങ്കോ പോപോവിചിന്റെ ടീം ടൂര്‍ണമെന്റിലെ കരുത്തുറ്റ നിരയാണ്. ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള രണ്ടാമത്തെ ടീം പൂനെയാണെന്ന് നിസംശയം പറയാം. ആകെ വഴങ്ങിയത് പന്ത്രണ്ട് ഗോളുകള്‍ മാത്രം.
പൂനെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്തിനെ കുറിച്ച് ഡേവിഡ് ജെയിംസിന് പറയാനുള്ളത് നല്ല വാക്കുകള്‍. 21 സേവുകളാണ് വിശാല്‍ നടത്തിയിരിക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നാല് ക്ലീന്‍ഷീറ്റുകള്‍. പ്രതിഭാധനനായ യുവ ഗോള്‍കീപ്പറുടെ ഫോം ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരക്ക് വിലങ്ങു തടിയായേക്കാം. എന്നാല്‍, വിശാലിനെ കീഴടക്കാനുള്ള ചില വഴികള്‍ മുന്നിലുണ്ട്, അത് പയറ്റും – ജെയിംസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ പൂനെ സിറ്റി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറും.

ലീഗിലെ ഫ്രീ സ്‌കോറിംഗ് ടീമായിട്ടാണ് പൂനെ അറിയപ്പെടുന്നത്. മാര്‍സെലോ പെരേരയും എമിലിയാനോ അല്‍ഫാറോയും അതിന് നേതൃത്വം നല്‍കുന്നു. എന്നാല്‍ പൂനെ കോച്ച് പോപോവിച് ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തനല്ല. ആളുകള്‍ തന്റെ ടീമിനെ കുറിച്ച് നല്ലത് പറയുന്നതില്‍ സന്തോഷമുണ്ട്. പ്രതിരോധവും ആക്രമണവും സന്തുലിതമായി കൊണ്ടു പോകുവാനാണ് ശ്രമിച്ചത്. എന്നാല്‍, ഇപ്പോഴും പൂര്‍ണത കൈവരിച്ചിട്ടില്ല. ചില പോരായ്മകളുണ്ട്, അത് പരിഹരിക്കേണ്ടതുണ്ട് – പോപോവിച് പറഞ്ഞു.
ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തില്ലെന്ന് പൂനെ കോച്ച് വ്യക്തമാക്കി. അല്‍ഫാറോ പന്ത്രണ്ട് മത്സരങ്ങളും കളിച്ചു.
അല്‍ഫാറോക്ക് വിശ്രമം അനിവാര്യമാണെങ്കില്‍ മാത്രം പുറത്തിരുത്തും.
ഇതുവരെ അതിന്റെ ആവശ്യമുണ്ടായിട്ടില്ല. കളിക്കാര്‍ക്ക് പരുക്കില്ലെന്നതും പോപോവിചിന് അനുകൂലഘടകമാണ്.

Latest