Kerala
മഅ്ദിന്‍ വൈസനിയം കാര്‍ഷിക പദ്ധതി കൃഷി; മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമാപന സമ്മേളനത്തോടനുബന്ധിച്ച് ജനകീയ കൂട്ടായ്മയില്‍ നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ഈ മാസം 25ന് നടക്കുന്ന ചടങ്ങില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള വാഴക്കന്നുകളും തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കുള്ള കാര്‍ഷികോപകരണങ്ങളും വിതരണം ചെയ്യും. കാര്‍ഷിക രംഗത്ത് മികവ് തെളിയിച്ച നൂറ് കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും.
വൈസനിയം കാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിവിധ ജൈവ കൃഷി പദ്ധതികളാണ് നടപ്പിലാക്കിയത്്. ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ ടെറസ് കൃഷിയിലൂടെ വിവിധയിനം പച്ചക്കറികളാണ് മഅ്ദിന്‍ വിജയകരമായി വിളവെടുത്തത്. മഅ്ദിന്‍ അക്കാദമിക്ക് കീഴിലെ വിവിധ സ്ഥാപനങ്ങളുടെ മുകളിലാണ് ടെറസ് കൃഷി പദ്ധതി നടപ്പിലാക്കിയത്.
ടെറസ് കൃഷിയുടെ രണ്ടാം ഘട്ട ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിനും വിഷരഹിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് വൈസനിയത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്. ഒരാള്‍ക്ക് മൂന്ന് വാഴക്കന്നു വീതം സൗജന്യമായി നല്‍കുന്ന വാഴ കൃഷി പദ്ധതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവര്‍ 9037928584, 9447516253 എന്ന നമ്പറില്‍ ബന്ധപ്പെടുക.