യുവാവ് അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും സഹായിക്കാനെത്തിയില്ലെന്ന് സനുഷ

Posted on: February 1, 2018 3:43 pm | Last updated: February 1, 2018 at 7:14 pm

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ
ആരും സഹായിക്കാന്‍ എത്തിയില്ലെന്ന് യുവനടി സനുഷ. രണ്ട് പേര്‍ മാത്രമാണ് തന്നെ സഹായിക്കാന്‍ എത്തിയതെന്നും സ്ത്രീകളടക്കമുള്ള സഹയാത്രികര്‍ ഉറക്കം നടിച്ചെന്നും സനുഷ പറഞ്ഞു.

ഫേസ്ബുക്കില്‍ മാത്രമേ മലയാളികള്‍ക്ക് പ്രതികരണശേഷിയുള്ളൂ. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവച്ച് ബഹളം ഉണ്ടാക്കിയെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ഒടുവില്‍ ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്ത് എന്നയാളുമാണ് തന്നെ സഹായിക്കാനെത്തിയതെന്നും സനുഷ പറഞ്ഞു.

ബുധനാഴ്ച രാത്രി മാവേലി എക്പ്രസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സനുഷയെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായത്. വടക്കാഞ്ചേരി സ്‌റ്റേഷനില്‍ വച്ചാണ് സംഭവം. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്‌റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. മാനഭംഗശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മംഗലാപുരം തിരുവനന്തപുരം ട്രെയിനില്‍ എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു നടി. ആന്റോ ബോസ് തിരൂരില്‍ നിന്നാണ് ഇതേ കോച്ചില്‍ കയറിയത്.