National
ബിജെപിക്ക് വന്‍തിരിച്ചടി; രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമബംഗാളിലുമായി നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി. രാജസ്ഥാനില്‍ ബിജെപിയുടെ കൈവശമുള്ള മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഏറ്റ തോല്‍വി ബിജെപിക്ക് കനത്ത പ്രഹരമായിരിക്കയാണ്. മണ്ഡല്‍ഗണ്ഡ് നിയമസഭാ മണ്ഡലത്തിലും ആള്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലുമാണ് കോണ്‍ഗ്രസ് വിജയമുറപ്പിച്ചത്.
മണ്ഡല്‍ഗണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12976 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അജ്മീര്‍ എം പി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എം പി ചന്ദ്‌നാഥ്, മണ്ഡല്‍ഗര്‍ എംഎല്‍എ കീര്‍ത്തികുമാരി എന്നിവരുടെ മരണത്തെ തുടര്‍ന്നാണ് മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബംഗാളിലെ നോപാര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. 62,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് സുനില്‍ സിംഗാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ബംഗാളിലെ ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുകയാണ്.