റെയില്‍വേക്ക് 1.48 ലക്ഷം കോടി; എല്ലാ ട്രെയിനുകളിലും സിസിടിവി, വൈ ഫൈ

Posted on: February 1, 2018 1:12 pm | Last updated: February 1, 2018 at 2:13 pm

ന്യൂഡല്‍ഹി: റെയില്‍വേയെ ശക്തിപ്പെടുത്തുക എന്നത് സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റെയില്‍വേ വികസനത്തിനായി 1.48 ലക്ഷം കോടി ചെലവിടും. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവിയും ഇന്റര്‍നെറ്റ് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തും.റെയില്‍വേയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം തുടരുമെന്നാന്ന് ബജറ്റ് വ്യക്തമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. 3000 കോടി രൂപ ചെലവില്‍ 11,000 ട്രെയിനുകളിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ആളില്ലാത്ത ലെവല്‍ ക്രോസിംഗുകള്‍ ഇല്ലാതാക്കും. മുംബൈ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തിനായി ട്രാക്കുകള്‍ സ്ഥാപിക്കുന്നതിന് പണം നീക്കിവച്ചു.

പുതിയതായി 12,000 വാഗണുകള്‍. 5160 കോച്ചുകള്‍, 700 ലോക്കോമോട്ടീവുകള്‍ എന്നിവയും വാങ്ങും. 25,000ത്തില്‍ കൂടുതല്‍ പ്രതിദിന യാത്രക്കാരെത്തുന്ന എല്ലാ സ്‌റ്റേഷനുകളിലും എസ്‌കലേറ്റര്‍ സ്ഥാപിക്കും. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ 12,000 വാഗണുകളും 5160 കോച്ചുകളും 700 ലോക്കോമോട്ടീവുകളും റെയില്‍വേയുടെ ഭാഗമായി.
യാത്രക്കാരുടെ സുരക്ഷക്ക് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കും.

600 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. 40,000 കോടി മുടക്കി സബര്‍ബന്‍ റെയില്‍വേ ലൈന്‍ 150 കിലോ മീറ്റര്‍ നീട്ടും. നടപ്പുവര്‍ഷം 3600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് നവീകരിക്കും. ബെംഗളൂരു മെട്രോ പദ്ധതിക്കും 17000 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.