Connect with us

Articles

ഐക്യത്തിന്റെ ശബ്ദങ്ങള്‍

Published

|

Last Updated

സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ജാമിഅ: നൂരിയ്യ പ്രസംഗത്തില്‍ പലരും നിരീക്ഷിക്കുന്നതു പോലെ നിലപാട് മാറ്റത്തിന്റെ സൂചനകളൊന്നുമില്ല. സുന്നികളുടെ ഐക്യം സംബന്ധിച്ച് കൂരിയാട്ട് സ്വീകരിച്ച ഉറച്ച നിലപാട് തന്നെയാണ് അദ്ദേഹം പട്ടിക്കാട്ടും ആവര്‍ത്തിച്ചത്. പ്രസംഗിച്ചത് പട്ടിക്കാട്ട് ആയി എന്നതു മാത്രമാണ് പ്രത്യേകത. പട്ടിക്കാട് സമ്മേളനം ഇത്തവണ എന്നല്ല; എല്ലാ കാലത്തും ഇങ്ങനെ തന്നെയായിരുന്നല്ലോ, മുസ്‌ലിം ലീഗിന്റെ താത്പര്യങ്ങളനുസരിച്ചേ അവിടെ കാര്യങ്ങള്‍ നടക്കൂ, അവിടെ ആരു പ്രസംഗിച്ചാലും അതില്‍ ഒരു ലീഗ് ടച്ച് ഉണ്ടാകും. വളരെക്കാലത്തിനു ശേഷം സലഫിസത്തിനെതിരെ പ്രസംഗങ്ങള്‍ നടന്നുവെന്നതാണ് ഇത്തവണ വിശേഷമായി പറയാനുള്ളത്. ജിഫ്‌രി തങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു പുതിയ കാല്‍വെപ്പ് എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.

“അസ്തിത്വം പണയം വെച്ചു കൊണ്ടുള്ള ഒരു ഐക്യത്തിനും തയാറല്ല” എന്ന തങ്ങളുടെ പ്രഖ്യാപനം ധീരമാണ്. അദ്ദേഹത്തെപ്പോലെ ഒരാള്‍ പറയേണ്ടതു തന്നെയാണത്. മറുപക്ഷം കാസര്‍ക്കാട്ടു വെച്ച് ഇങ്ങനെ പറഞ്ഞതിനെ സൂചിപ്പിച്ചു കൊണ്ടാണ് “ഞങ്ങളും അസ്തിത്വം പണയം വച്ച് ഐക്യത്തിന് തയാറല്ല” എന്നു തങ്ങള്‍ പറഞ്ഞത്. ശരിയാണല്ലോ, കാസര്‍ക്കോട്ട് ജാമിഅ: സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണത്തില്‍ അങ്ങനെ ഒരു പരാമര്‍ശം ഉണ്ടായിട്ടുണ്ട്. അതൊരു കേവല പരാമര്‍ശവും ആയിരുന്നില്ല. സുന്നികളെ സംബന്ധിച്ചിടത്തോളം അവരുടെ അസ്തിത്വം സുന്നത്ത് ജമാഅത്താണെന്നും അതില്‍ വിട്ടുവീഴ്ചയോ നീക്കുപോക്കോ നടത്തി ഒരൈക്യത്തിനും തയാറല്ലെന്നുമാണ് കാസര്‍ക്കോട് പ്രസംഗത്തിന്റെ പൊരുള്‍. ഈ പ്രസംഗത്തിനാണ് പട്ടിക്കാട് ആദരണീയനായ മുത്തുക്കോയ തങ്ങള്‍ അടിവരയിട്ടത്. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. രണ്ട് പക്ഷവും സുന്നി ഐക്യത്തെ കാണുന്നത് ഒരേ അസ്തിത്വത്തില്‍ നിന്നു കൊണ്ടാണ്. ആ അസ്ഥിത്വമാകട്ടെ സുന്നത്ത് ജമാഅത്തും ബിദ്അത്തിനെതിരെയുള്ള പോരാട്ടവുമാണ്. പിന്നെ തര്‍ക്കത്തിനെവിടെ അവസരം?
കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ കേള്‍ക്കാത്ത തക്ബീറാണ് കൂരിയാട്ട് കേട്ടത്. അതായത് രാഷട്രീയക്കാര്‍ അണിനിരക്കാത്ത, അവരെ ഒട്ടും പരിഗണിക്കാത്ത, സുന്നത്ത് ജമാഅത്ത് ധീരമായി പറഞ്ഞ, ബിദ്അത്തുകാര്‍ക്കെതിരെ കണിശമായ നിലപാട് സ്വീകരിച്ച, ഒരുവേള 30 വര്‍ഷമായി കൂടെ നില്‍ക്കുന്ന പാര്‍ട്ടിയെകൂടി താക്കീതു ചെയ്ത പ്രസംഗങ്ങള്‍ക്ക് അണികളില്‍ നിന്നു കിട്ടിയ അംഗീകാരവും പിന്തുണയും ആയിരുന്നു അഷ്ടദിക്കുകളും ഞെട്ടുമാറുച്ചത്തിലുയര്‍ന്ന ആ തക്ബീറുകള്‍! സുന്നികള്‍ തമ്മിലുള്ള യോജിപ്പിന് ആ സമസ്തയുടെ അണികള്‍ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നും സലഫിസം/വഹാബിസം അടക്കമുള്ള ബിദ്അത്തിനോട് എത്ര കടുത്ത വിയോജിപ്പാണു തങ്ങളുടെ അണികള്‍ക്കുള്ളതെന്നും ആ തക്ബീറുകളില്‍ നിന്ന് അവരുടെ നേതാക്കള്‍ക്ക് വായിച്ചെടുക്കാവുന്നതേയുള്ളൂ.
അതേസമയം പട്ടിക്കാട്ടെ വേദിയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി അടക്കം പലരും വലിയ പ്രതികരണം പ്രതീക്ഷിച്ചു പൊട്ടിച്ച അമിട്ടുകള്‍ക്കൊന്നും സദസ്സില്‍ നിന്നു കാര്യമായ പ്രതികരണം ഉണ്ടായില്ല എന്നതും ശ്രദ്ധേയം. സാധാരണയില്‍ ആ സമസ്തയുടെയും പാര്‍ട്ടിയുടെയും മിശ്രിതമായ ഒരു സദസ്സാണ് പട്ടിക്കാട് ഉണ്ടാകാറുള്ളത്. അതിന്റെ ഒരനുപാതവും സദസ്സിന്റെ പ്രതികരണത്തില്‍ കണ്ടില്ല എന്നതാണ് ഇത്തവണത്തെ അതിശയം. അണികള്‍ക്കിടയില്‍ രാഷ്ട്രീയക്കാര്‍ അടിച്ചമര്‍ത്തി വെച്ച സുന്നിസം ഉണര്‍ന്നതിന്റെ സൂചനയായി ഇതിനെ കാണണം.
സലഫികളെപ്പോലെയല്ല; സുന്നികള്‍ക്ക് ഒന്നിക്കാന്‍ ആശയപരമോ പ്രത്യയശാസ്ത്ര പരമോ ആയ തടസ്സങ്ങളൊന്നുമില്ല. 1989ന് മുമ്പ് സുന്നികള്‍ എന്തൊക്കെ വിശ്വസിക്കുകയും എങ്ങനെയൊക്കെ ആചരിക്കുകയും ചെയ്തിരുന്നുവോ മതം അവരെ സംബന്ധിച്ചിടത്തോളം 30 വര്‍ഷങ്ങള്‍ക്കു ശേഷവും അങ്ങനെ തന്നെയാണ്. വഹാബി ഗ്രൂപ്പുകള്‍ക്കിടയില്‍ തൗഹീദ് തന്നെ പലതായി, ശിര്‍ക് ശിര്‍ക്കല്ലാതായി, ജിന്നും ശയ്ത്വാനും ഇടം നേടി. ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥവും പൊരുളും മാറി മറിഞ്ഞു…. ഇത്തരം ഒരു നൂലാമാലയും സുന്നികള്‍ തമ്മിലുള്ള യോജിപ്പിലില്ല, ഉള്ളതാകട്ടെ തീര്‍ക്കാവുന്നതേയുള്ളൂ താനും.

സുന്നി ഐക്യം എന്നു പറയുമ്പോള്‍ സമുദായ രാഷ്ട്രീയക്കാര്‍ക്കുണ്ടാകുന്ന ആശങ്കക്ക് അര്‍ഥമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പട്ടിക്കാട് പ്രസംഗത്തില്‍ നിന്നു അത് വായിച്ചെടുക്കാം. തങ്ങള്‍ക്ക് വോട്ടു ചെയ്യുന്നവരുടെ ഐക്യം എന്നാണ് സമുദായ ഐക്യം കൊണ്ട് ലീഗ് അര്‍ഥമാക്കുന്നത്. ലീഗും ആ സമസ്തയും തമ്മിലുള്ള ബന്ധത്തിന് ഇതിലേറെ അര്‍ഥമൊന്നുമില്ല. സുന്നികള്‍ ഐക്യപ്പെട്ടാലും ലീഗിന്റെ വോട്ടു വിഹിതം നഷ്ടപ്പെടാതിരിക്കാനുള്ള ഒരു ഫോര്‍മുല കൂടി കണ്ടെത്താവുന്നതേയുള്ളൂ. ഈ ഒരൊറ്റ കാര്യത്തിന് വേണ്ടി സുന്നികള്‍ ഐക്യപ്പെടുന്നത് ലീഗ് തടസ്സപ്പെടുത്തരുത്.