ഉദ്യോഗസ്ഥര്‍; താഴെയും മേലെയും

Posted on: January 24, 2018 6:28 am | Last updated: January 23, 2018 at 9:35 pm
SHARE

മേലുദ്യോഗസ്ഥരുടെ പീഡനത്തെയും ജോലി സമ്മര്‍ദത്തെയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന കീഴ്ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പോലീസ്, സൈനിക മേഖലകളില്‍ പ്രത്യേകിച്ചും. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പ്രബേഷനറി എസ് ഐ ടി ഗോപകുമാര്‍, കടമ്പത്ര സ്റ്റേഷന്‍ എ എസ് ഐ ആയിരുന്ന പി എം തോമസ്, കൊല്ലം പുത്തൂര്‍ സ്വദേശിയും ഏഴുകോണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ ഓഫീസറുമായിരുന്ന അനില്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസങ്ങള്‍ക്കുള്ളില്‍ എട്ട് പോലീസുദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. മേലുദ്യോഗസ്ഥരുടെ പീഡനവും സമ്മര്‍ദവുമാണ് തന്റെ ആത്മഹത്യക്ക് കാരണം, കഴിഞ്ഞ ഞായറാഴ്ച റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഗോപകുമാര്‍ ഭാര്യക്ക് എഴുതിയ കത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. സൈനിക മേഖലയില്‍ മേലുദ്യോഗസ്ഥരുടെ പീഡന കഥകള്‍ ഇതിനിടെ ധാരാളമായി പുറത്തു വന്നിരുന്നു. ഉദ്യോഗസ്ഥരുടെ വീട്ടുജോലി ചെയ്യേണ്ടിവരുന്നു. മനം മടുത്തു ചിലര്‍ പ്രധാനമന്ത്രിക്ക് പരാതി എഴുതുന്നു.

കീഴുദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും ഭത്സിക്കുന്നതുമാണ് മേലധികാരിയുടെ കടമയെന്ന തരത്തിലാണ് ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ശൈലിയും. കീഴ്ജീവനക്കാരോട് മുഖം കറുപ്പിച്ചേ അവര്‍ സംസാരിക്കൂ. സദാ ശകാരവും കുറ്റപ്പെടുത്തലും. കാരണങ്ങള്‍ തേടിപ്പിടിച്ചു ഭത്സിക്കും. അതും മറ്റുള്ളവരുടെ മുമ്പില്‍ വെച്ച്. മാത്രമല്ല മേലുദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം കൃത്യനിര്‍വഹണത്തില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ കീഴ്ജീവനക്കാരനെ ബലിയാടാക്കുന്ന സംഭവങ്ങളുമുണ്ട്. ഫ്യൂഡല്‍ ഭരണമല്ല, ജനാധിപത്യ വ്യവസ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നൊന്നും ഇവര്‍ക്ക് അറിയില്ലേ? സാമൂഹിക സമത്വമാണ് നമ്മുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്നത്. തൊഴില്‍ മേഖലയെ വിവിധ തട്ടുകളാക്കിയത് ഭരണ സൗകര്യത്തിനാണ്. കീഴിലുള്ളവരോട് മേലുദ്യോഗസ്ഥരുടെ പെരുമാറ്റം സൗഹൃദപരമായിരിക്കണം. അവരുടെ വ്യക്തിത്വത്തെ മാനിക്കണം. കീഴിലുള്ളവരെ ജോലി ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അവരെ പൂര്‍ണമായി വിശ്വസിക്കുക. സംശയ ദൃഷ്ടിയോടെ പിന്തുടരരുത്. എന്തെങ്കിലും അപാകത സംഭവിച്ചാല്‍ പരസ്യമായി ശകാരിക്കാതെ വിളിച്ചുവരുത്തി കാര്യം ഉണര്‍ത്തുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധയും കാര്യക്ഷമതയും കാണിക്കാന്‍ ഉപദേശിക്കുകയുമാണ് വേണ്ടത്. പരസ്യമായി ശകാരിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളിലാണ് അവര്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതും മാനസികരോഗ ബാധിതരാകുന്നതും.

മതിയായ പരിശീലനത്തിന്റെ അഭാവമാണ് പലപ്പോഴും പരാതികളുമായി എത്തുന്നവരോട് പോലീസുദ്യോഗസ്ഥരുടെയും കീഴ്ജീവനക്കാരോടുള്ള ഉദ്യോഗസ്ഥ പ്രമുഖരുടെയും മോശം പെരുമാറ്റത്തിന് കാരണം. പൊതുസമൂഹവുമായി എപ്പോഴും ഇടപഴകേണ്ട വിഭാഗമെന്ന നിലയില്‍ പോലീസ് സേനക്ക് കായിക പരിശീലനത്തിലുപരി മാനസിക പരിശീലനം ആവശ്യമാണ്. എന്നാല്‍ ഇത്തരം പരിശീലന പരിപാടികളോട് പോലീസിലെ പാരമ്പര്യവാദികള്‍ക്ക് വിയോജിപ്പാണ്. കായികപരിശീലനത്തിനു ശേഷമുള്ള തിയറി ക്ലാസുകളില്‍ കൂട്ട ഉറക്കവുമാണ്. പോലീസിനെ നന്നാക്കാന്‍ പലപ്പോഴായി പല കോണുകളില്‍നിന്ന് ഒട്ടേറെ ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1967 മുതല്‍ പോലീസ് പരിഷ്‌കരണത്തെക്കുറിച്ചു പഠിക്കാന്‍ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്. അലക്‌സാണ്ടര്‍ ജേക്കബ് പരിശീലനത്തിന്റെ ചുമതലവഹിച്ചിരുന്ന കാലത്ത് മനഃശാസ്ത്രം, പെരുമാറ്റം എന്നിവക്കുള്ള ക്ലാസുകള്‍ ഉള്‍പ്പെടെ സമഗ്രമായ പരിഷ്‌കാരം കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇതിന് സജീവമായ തുടര്‍ച്ചയുണ്ടായില്ല. ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരം വടക്കേ ഇന്ത്യന്‍ ഫ്യൂഡല്‍ സംസ്‌കാരവുമായി ചേര്‍ന്നുണ്ടായ സങ്കര സംസ്‌കാരമാണ് ഇന്ന് പോലീസില്‍ കാണുന്ന മോശം പെരുമാറ്റത്തിനും പരുത്ത സമീപനത്തിനും കാരണമെന്നും വിദഗ്ധ പരിശീലനത്തിലൂടെ ഇത് മാറ്റെയെടുത്തെങ്കില്‍ മാത്രമേ പരാതികള്‍ പരിഹരിക്കാനാവുകയുള്ളൂവെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിന് പുറമെ അധിക ജോലി ഭാരം മൂലമുള്ള സമ്മര്‍ദവും പോലീസുകാരില്‍ മനോരോഗത്തിനും ആത്മഹത്യക്കും കാരണമാകുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ആയിരത്തോളം പോലീസുകാരുടെ കുറവുണ്ടെന്നാണു കണക്ക്. 1983-ലെ ജനസംഖ്യാനുപാതികമായ പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതേസമയം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ക്രമസമാധാനപ്രശ്‌നങ്ങളും ഗതാഗത സ്തംഭനം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ വര്‍ധിച്ചു വരികയാണ്. സേനയുടെ അംഗപരിമിതി മൂലം പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. ഉദ്ദേശിച്ച സമയത്തിനുള്ളില്‍ റിപ്പോര്‍ട്ടുകളും മറ്റും ഹാജരാക്കുന്നതിനും ഇത് കാലതാമസം വരുത്തുന്നു. സേനയിലെ കുറവ് നികത്താനും മതിയായ പരിശീലനം നല്‍കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.