Connect with us

National

ചൈനക്ക് മുന്നറിയിപ്പ്; ആണവവാഹക ശേഷിയുള്ള അഗ്നി-v മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-v ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുല്‍ കലാം ദ്വീപില്‍നിന്ന് ഇന്ന് രാവിലെയാണ് മിസൈല്‍ വിക്ഷേപിച്ചത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് പരീക്ഷണ വിവരം പുറത്തുവിട്ടത്.

2016 ഡിസംബര്‍ 26നാണ് അഗ്‌നി-v അവസാനമായി പരീക്ഷിച്ചത്. ഇന്ത്യയുടെ ഏതു കോണില്‍ നിന്ന് വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണില്‍ വരെയും പറന്നെത്താന്‍ കഴിയുന്ന മിസൈലാണ് അഗ്നി-v
അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമാണുള്ളത്.

ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്‌നി മിസൈലാണ്. 2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്നി വി. അഗ്നി വിഭാഗത്തില്‍ ഇന്ത്യക്ക് അഞ്ച് മിസൈലുകളാണുള്ളത്. അഗ്നി -3 വരെ പാക്കിസ്ഥാനെ ലക്ഷ്യമാക്കിയാണ് വിക്ഷേപിച്ചത്. അഗ്നി 4, അഞ്ച് എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്തതാണ്.