വിരാട് കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

Posted on: January 18, 2018 12:02 pm | Last updated: January 18, 2018 at 3:30 pm
SHARE

ദുബൈ: 2017ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. ആസ്‌ത്രേലിയയുടെ സ്റ്റീവ് സ്മിത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കാഴ്ചവെച്ച ഉജ്ജ്വല പ്രകടനാണ് കോഹ്‌ലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം എട്ട് സെഞ്ച്വറികള്‍ അടക്കം 77.80 റണ്‍സ് ശരാശരിയില്‍ 2203 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 82.63 റണ്‍സ് ശരാശരിയില്‍ 1818 റണ്‍സാണ് സമ്പാദ്യം. ഇതില്‍ ഏഴ് സെഞ്ച്വറികളും ഉള്‍പ്പടും. ട്വന്റി 20യില്‍ 153 സ്‌ട്രൈക്ക് റേറ്റില്‍ 299 റണ്‍സും കോഹ്‌ലി നേടിയിരുന്നു. ഐസിസിയുടെ 2017ലെ ഏകദിന,ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും കോഹ്‌ലി തിരഞ്ഞെടുക്കപ്പെട്ടു. കോഹ്‌ലിയെ കൂടാതെ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്‌റ എന്നിവരാണ് ഏകദിന ടീമില്‍ ഇടം നേടിയ ഇന്ത്യക്കാര്‍. ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍ എന്നിവരും ഇടംപിടിച്ചു.

2016ല്‍ ഇന്ത്യയുടെ ആര്‍ അശ്വിനും 2015ല്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തുമാണ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത്. ട്വന്റി20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹലിന് ലഭിച്ചു. ബാംഗ്ലൂരില്‍ ഇംഗ്ലണ്ടിനെതിരെ 25ന് റണ്‍സിന് ആറ് വിക്കറ്റ് പ്രകടനം നടത്തിയതാണ് ചഹലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here