ഹെലികോപ്റ്റര്‍ അപകടം: മലയാളിയുടേത് അടക്കം നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: January 13, 2018 12:57 pm | Last updated: January 14, 2018 at 12:53 pm

മുംബൈ: മുംബൈയില്‍ ഏഴ് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി കടലില്‍ കാണാതായ ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരു മലയാളിയുടെത് അടക്കം നാല് മൃതദേഹങ്ങള്‍ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശി വി.കെ ബാബുവാണ് മരിച്ച മലയാളി. കോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റൊരു മലയാളി കോതമംഗല‌ം സ്വദേശി ജോസ് ആൻറണി അടക്കം മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കല്‍മൈല്‍ അകലെ കടലില്‍ വെച്ച് ഹെലിക്കോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചിരുന്നു. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎന്‍ജിസി ജീവനക്കാരുമായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്.