Connect with us

Gulf

ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക കേന്ദ്രം ഒട്ടകയാത്ര; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തം

Published

|

Last Updated

ദുബൈ: ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍ സംഘടിപ്പിക്കുന്ന ക്യാമല്‍ ട്രെക്കില്‍ ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 15 പേര്‍ പങ്കെടുക്കും. യു എ ഇ, ഒമാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അള്‍ജീരിയ, സിറിയ, പാക്കിസ്ഥാന്‍, മലേഷ്യ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് സവാരിക്കായി പ്രതിനിധികളെത്തുന്നത്.

ഈ മാസം 17നാണ് ക്യാമല്‍ ട്രക്ക് നാലാമത് എഡിഷന്‍ ആരംഭിക്കുക. രാജ്യം സായിദ് വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറന്‍ മേഖലയിലെ ലിവ മരുഭൂമിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 11 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ദുബൈ ഗ്ലോബല്‍ വില്ലേജിലെ പൈതൃക ഗ്രാമത്തില്‍ 27ന് സമാപിക്കും. യു എ ഇയിലെ വിവിധ മരുഭൂമികളിലായി 500 കിലോമീറ്റര്‍ താണ്ടിയാണ് യാത്ര. സംഘത്തിലെ അഞ്ച് സ്ത്രീകള്‍ ഫ്രാന്‍സ്, അള്‍ജീരിയ, ബ്രിട്ടന്‍, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അറേബ്യന്‍ മരുഭൂമിയുടെ ഉള്ളറകളെയും മരുഭൂ ഗോത്രവര്‍ഗങ്ങളുടെ ജീവിതത്തെയും അടുത്തറിഞ്ഞ് താണ്ടുന്ന യാത്രയില്‍ ആവശ്യമായ ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ഹൈറിറ്റേജ് സെന്റര്‍ നല്‍കും.