ലംബ കൃഷി പരീക്ഷിക്കാന്‍ അമേരിക്കന്‍ കമ്പനി

Posted on: January 8, 2018 7:15 pm | Last updated: January 8, 2018 at 7:15 pm
SHARE

ദോഹ: കൂടുതല്‍ ഉത്പാദനം സാധ്യമാക്കുന്ന ലംബകൃഷി (വെര്‍ട്ടിക്കിള്‍ ഫാമിംഗ്) രീതി രാജ്യത്ത് നടപ്പാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ കമ്പനി രംഗത്ത്.

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കാന്‍ ഉദ്ദേശിച്ചാണ് അമേരിക്ക ആസ്ഥാനമായുള്ള എയ്റോ ഫാംസ് കമ്പനി പ്രാദേശിക വ്യവസായികളുമായി ചര്‍ച്ച നടത്തുന്നത്. ലംബമായ കൃഷി രീതി രാജ്യത്ത് നടപ്പാക്കാന്‍ പ്രാദേശിക കാര്‍ഷിക വ്യവസായികള്‍ താത്പര്യം പ്രകടിപ്പിച്ചതായി കമ്പനി സി ഇ ഒ ഡേവിഡ് റൊസെന്‍ബര്‍ഗ് ഖത്വര്‍ ട്രിബ്യൂണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

അധികം താമസിയാതെ രാജ്യത്ത് അമേരിക്കയുടെ ലംബമായ കൃഷി രീതിയുടെ പ്രാഥമിക ഘട്ടത്തിന് തുടക്കമാകും. ഹരിതശാലകള്‍ക്കുള്ളില്‍ സൂര്യപ്രകാശമോ മണ്ണോ ആവശ്യമില്ലാതെ പൂര്‍ണമായും ആഭ്യന്തര പരിതസ്ഥിതിയുടെ നിയന്ത്രണത്തില്‍ പച്ചക്കറി ഉത്പാദനം സാധ്യമാക്കുന്ന കൃഷി രീതിയാണിത്.

കമ്പനിയുടെ എയ്റോപോണിക് സംവിധാനത്തിലൂടെ മികച്ച ഗുണമേന്മയുള്ള ഉത്പാദനവും ഉന്നത ഭക്ഷ്യ സുരക്ഷയുമാണ് ലഭിക്കുന്നത്. ജലസേചനത്തിന്റെയും ഗുണമേന്മയുള്ള മണ്ണിന്റെ അഭാവവും നേരിടുന്ന ഖത്തറില്‍ ലംബമായ കൃഷി രീതി ഏറെ സഹായകമാണ്. പോഷകം, വെള്ളം, ഓക്സിജന്‍ എന്നിവ നല്‍കിയാണ് എയ്റോപോണിക് കൃഷി രീതിയും.