Connect with us

Editorial

സമാന കേസുകള്‍, വ്യത്യസ്ത വിധികള്‍

Published

|

Last Updated

വ്യക്തി സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഒരു യുവതിയുടെ സംരക്ഷണാവകാശം സംബന്ധിച്ച കേസില്‍ കഴിഞ്ഞ ദിവസം സൂപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി പ്രസ്താവം. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്നായിരുന്നു മധ്യതിരുവിതാംകൂറിലെ ഒരു യുവതിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കവെ പരമോന്നത കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം എല്ലാ സ്ത്രീകള്‍ക്കും അനുഭവിക്കാം. ആഗ്രഹമുള്ളിടത്ത് പോകാനും താമസിക്കാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവള്‍ക്ക് അധികാരമുണ്ട്. അതില്‍ നിന്ന് അവളെ തടയാന്‍ മാതാപിതാക്കള്‍ക്കോ കോടതിക്കോ ആകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിധിച്ചു.

ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പത്ത് വര്‍ഷം മുമ്പ് വിവാഹ മോചിതരായതാണ്. തുടര്‍ന്ന് മകളെ കൂടെ നിര്‍ത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അമ്മ കുടുംബ കോടതിയെ സമീപിച്ചു. അന്ന് പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാത്തതിനാല്‍ കോടതി അത് അനുവദിച്ചു. കഴിഞ്ഞ സെപ്തംബറില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി. തുടര്‍ന്ന് കുവൈത്തില്‍ ജോലി ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് പോകാനും അവിടെ താമസിക്കാനും അവര്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് മകളുടെ സംരക്ഷണാവകാശം തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ടു അമ്മ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വ്യക്തി സ്വാതന്ത്ര്യം ജസ്റ്റിസ് ദീപക് മിശ്ര ഊന്നിപ്പറഞ്ഞതും ആരുടെ കൂടെ താമസിക്കണമെന്ന് പെണ്‍കുട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയതും. കോടതികള്‍ക്ക് സ്ത്രീകളുടെ സൂപ്പര്‍ രക്ഷകര്‍ത്താവാകാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു വെച്ചു.

അതേസമയം ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് തന്നെയായിരുന്നു ഹാദിയ കേസ് പരിഗണിച്ചിരുന്നത്. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ യുവതിയാണ് ഹാദിയ. സേലത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതി കോഴ്‌സിനു പഠിക്കുന്ന 24കാരിയായ അവര്‍ കോടതിയോട് ആവശ്യപ്പെട്ടത് തന്നെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച് ഭര്‍ത്താവ് ഷഫിന്‍ ജഹാന്റെ കൂടെ പോകാനും പഠനവും വിശ്വാസവും തുടരാനും അനുവദിക്കണമെന്നായിരുന്നു. പഠനവും വിശ്വാസവും തുടരാന്‍ കോടതി അനുവദിച്ചെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചില്ല. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ഇഷ്ടപ്പെടുന്നിടത്തേക്ക് യാത്രചെയ്യാനും ഇഷ്ടമുള്ളവര്‍ക്കൊപ്പം താമസിക്കാനും മധ്യതിരുവിതാംകൂറിലെ 18കാരിയായ യുവതിക്ക് അനുമതി നല്‍കുകയും അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു വിധിക്കുകയും ചെയ്ത കോടതി എന്തേ ഹാദിയയെ ഭര്‍ത്താവിനൊപ്പം വിട്ടില്ല? “ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാനുളള അവകാശമുണ്ടെ”ന്ന് ഹാദിയ കേസില്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചതാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യത്തില്‍ ഹാദിയ കൈക്കൊണ്ടതാണ് ഭര്‍ത്താവിന്റെ സംരക്ഷണത്തില്‍ താമസിക്കാനുള്ള തീരുമാനം. അതിനവള്‍ക്ക് അവകാശമുണ്ടെന്നും കപില്‍ സിബല്‍ വാദിച്ചു. കപില്‍ സിബല്‍ അന്ന് പറഞ്ഞ നിലപാടാണ് മധ്യതിരുവിതാംകൂറിലെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഇപ്പോള്‍ അംഗീകരിച്ചത്. ഹാദിയയുടെ കാര്യത്തില്‍ സ്വീകരിച്ചത് വിഭിന്നമായ നിലപാടും. എന്നെ ഭര്‍ത്താവ് ശഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് മൗനമായിരുന്നു കോടതിയുടെ മറുപടി. കോടതി ഇപ്പോള്‍ അടിവരയിട്ടു പറഞ്ഞ വ്യക്തിസ്വാതന്ത്ര്യം എന്തേ ഹാദിയയിലെത്തുമ്പോള്‍ പരിമിതപ്പെടുന്നത്? ഒരേ കോടതി, ഒരേ ന്യായാധിപന്‍മാര്‍. ഏതാണ്ട് സമാനമായ വിഷയം. എന്നിട്ടും എന്തേ ഇങ്ങനെ സംഭവിച്ചു?

മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനായുള്ള ദാഹമെന്ന വാദമുയര്‍ത്തി മുത്വലാഖിനെതിരെ സ്വയം പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്തു ഇതുസംബന്ധിച്ചു ഭരണകൂടത്തോട് നിയമ നിര്‍മാണം നടത്താന്‍ ആവശ്യപ്പെട്ട കോടതിക്ക് പക്ഷേ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായുള്ള ദാഹം കാണാനായില്ല. സമാനമായ കേസുകളില്‍ നീതിപീഠത്തിന് ചിലപ്പോള്‍ രണ്ട് നിലപാടുകളുണ്ടായെന്ന് വരാം. അതെന്തു കൊണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടേണ്ടതില്ലേ? തങ്ങളെടുക്കുന്ന നിലപാടിന്റെ നിയമപരമായ അടിസ്ഥാനം കേസിലെ കക്ഷികളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ കോടതിക്ക് ബാധ്യതയുണ്ട്. നീതി സ്ഥാപിച്ചാല്‍ പോരാ അത് പ്രകടമായിരിക്കണമെന്നത് സ്വാഭാവികവും നൈസര്‍ഗികവുമായ നീതിയുടെ അടിസ്ഥാന തത്വമാണ്. പരാമര്‍ശമായ രണ്ട് കേസുകളിലെ വിധിപ്രസ്താവങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ എന്തോ ചില പൊരുത്തക്കേടുകള്‍ അനുഭവപ്പെടുന്നു. സംഘ്പരിവാറും അവരുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളും ആസൂത്രിതമായി നടപ്പാക്കുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ ചിലപ്പോള്‍ സമൂഹം അകപ്പെടുകയും ക്രമേണ അതൊരു പൊതുബോധമായി മാറുകയും ചെയ്യാറുണ്ട്. നീതിന്യായ മേഖലകളെ കൂടി ഇത് സ്വാധീനിക്കുന്നുണ്ടോ എന്ന് സന്ദേഹിപ്പിക്കുന്നതാണ് സമീപ കാലത്തെ ചില വിധിപ്രസ്താവങ്ങള്‍. വൈകാരികമായ പരിഗണനകള്‍ക്കും പൊതുസമൂഹത്തെ സ്വാധീനിച്ച തെറ്റായ ധാരണകള്‍ക്കുമപ്പുറം ജനാധിപത്യത്തിന്റെയും നീതിയുടെയും താത്പര്യങ്ങളെ പ്രകടമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നിടത്താണ് കോടതികളുടെ വിജയം.