വാറ്റ് നടപ്പിലായി; ഉപഭോക്താക്കള്‍ സമരസപ്പെട്ടു

Posted on: January 2, 2018 7:11 pm | Last updated: January 2, 2018 at 7:11 pm
SHARE

ദുബൈ: യു എ ഇ യില്‍ മൂല്യവര്‍ധിത നികുതി നിലവില്‍ വന്നു. മിക്ക സ്ഥാപനങ്ങളും വാറ്റ് രജിസ്ട്രേഷന്‍ നമ്പര്‍ ഉള്‍പെടെയുള്ള ബില്‍ ആണ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. നികുതി ഈടാക്കിയത് രേഖപ്പെടുത്തുന്നതിനാല്‍ ബില്ലിന്റെ നീളം അല്‍പം കൂടിയിട്ടുണ്ട്. മൊത്തം ബില്ലിന്റെ അഞ്ചു ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. വാറ്റില്ലാത്ത ഉല്‍പന്നം അക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അത് വേറെ കാണിച്ചിരിക്കും. ആദ്യ ദിവസം വലിയ ആശയക്കുഴപ്പം ഉണ്ടായില്ല. വാറ്റുള്‍പ്പെടെയുള്ള വിലയാണ് ഉല്‍പന്നത്തിന്റെ പുറത്തു രേഖപ്പെടുത്തേണ്ടത് എന്ന നിയമവും മിക്ക വാണിജ്യ കേന്ദ്രങ്ങളും അനുസരിച്ചിട്ടുണ്ട്. അതുകൊണ്ടു വിലക്കയറ്റം ഉണ്ടായതായി ഉപഭോക്താക്കള്‍ക്ക് തോന്നുന്നില്ല. ഇന്നലെ, വാറ്റ് നടപ്പായ ആദ്യദിവസം മാളുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും തിരക്ക് കുറവായിരുന്നു. കഴിഞ്ഞ വാരം ആളുകള്‍ വന്‍ തോതില്‍ എത്തിയതുമായി താരതമ്യം ചെയ്താല്‍ തുലോം കുറവാണ്.

ദുബൈയില്‍ വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി. 200 ദിര്‍ഹത്തിന്റെ ഉല്‍പന്നം വാങ്ങിയാല്‍ മിക്ക മാളുകളിലും ഒരു നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും.
ഗോള്‍ഡ് ആന്‍ഡ് ജുവല്ലറി ഗ്രൂപ്പിന്റെ സ്വര്‍ണ നറുക്കെടുപ്പ് കൂപ്പണ്‍ മറ്റൊരു ആകര്‍ഷണമാണ്. ചില ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ പ്രിവിലേജ് കാര്‍ഡ് ഉള്ളവര്‍ക്കു വാറ്റിന്റെ ഭാരം ഒഴിവാക്കികൊടുക്കുന്നു. മൊത്തത്തില്‍ മൂല്യ വര്‍ധിത നികുതി ഉപഭോക്താവിനെ വലക്കുന്നില്ല എന്ന് പറയാം. ‘ഓരോ ഉല്‍പന്നത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കിയായിരിക്കണം ടാക്‌സ് ഈടാക്കേണ്ടത്, വാറ്റ് ഈടാക്കുന്നത് ഏത്, അല്ലാത്തത് ഏത് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

ഡിസ്‌കൗണ്ട് ഉണ്ടെങ്കില്‍ അത് കുറച്ചിട്ടാകണം ഈടാക്കേണ്ടത്, കാഷ് വൗച്ചറുകള്‍, റെഡീമബിള്‍ വൗച്ചറുകള്‍ മുതലായവ കാഷ് ഡിസ്‌കൗണ്ടായി കണക്കാക്കണം- ഫെഡറല്‍ ടാക്‌സ് അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

നാട്ടിലേക്ക് പണം അയക്കുമ്പോള്‍ മണി എക്‌സ്‌ചേഞ്ചുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് അഞ്ചുശതമാനം വാറ്റ് നല്‍കണം. വായ്പകള്‍, ഈടുവെക്കല്‍, ശമ്പളം എന്നിങ്ങനെയുള്ള കാര്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പലിശക്കു വാറ്റ് നല്‍കേണ്ടതില്ലെങ്കിലും വാര്‍ഷിക പുതുക്കല്‍ ഫീസിനു നല്‍കേണ്ടിവരും. ദുബൈയില്‍ സാലിക് കാര്‍ഡിന് വാറ്റ് ബാധകമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here