Connect with us

Editorial

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം

Published

|

Last Updated

വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിന് വിരാമമിട്ട് തമിഴ് സിനിമാ നടന്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. കോടാമ്പക്കത്ത് നടന്ന അനുയായികളുടെ സംഗമത്തിലാണ് അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ ജനാധിപത്യം തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തി അനിവാര്യമായ സമയമാണിതെന്ന ആമുഖത്തോടെയായിരുന്നു അദ്ദേഹത്തിന്റ രാഷ്ട്രീയ പ്രവേശനം. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയായിരിക്കും തന്റേതെന്നും അധികാരമല്ല, ജനന്മയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചയായിട്ട്. 1996ലെ തിരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ അദ്ദേഹം പരസ്യമായി രംഗത്ത് വരികയും എ ഐ എ ഡി എം കെ അമ്പേ പരാജയപ്പെടുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങളും വാര്‍ത്തകളും പ്രചരിച്ചു തുടങ്ങിയത്. ഒന്നും അദ്ദേഹം നിഷേധിച്ചില്ല. അന്നേ അദ്ദേഹം മനസ്സില്‍ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കരുണാനിധിക്കും ജയലളിതക്കുമുള്ള സ്വാധീനമായിരിക്കണം അദ്ദേഹത്തെ തടഞ്ഞത്. ഇപ്പോള്‍ കരുണാനിധി രോഗബാധിതനായതും ജയലളിതയുടെ മരണവും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നേതൃ ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്. എടപ്പാടി പളനിസാമിക്കോ പനീര്‍ശെല്‍വത്തിനോ സ്റ്റാലിനോ ജയയുടെയും കരുണാനിധിയുടെയും വിടവ് നികത്താനുള്ള പ്രാപ്തിയില്ലെന്ന് അവരുടെ പ്രകടനവും ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പും വ്യക്തമാക്കികഴിഞ്ഞു.

എം ജി ആറിന് ശേഷം തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള നടനെന്ന നിലയില്‍ തനിക്ക് ആ ശൂന്യത നികത്താനാകുമെന്ന് രജനി പ്രതീക്ഷിക്കുന്നുണ്ടാകണം. എന്നാല്‍ ഭാഷാഭ്രാന്തന്മാരാണ് തമിഴ്‌നാട്ടുകര്‍. തമിഴിനെ അതിരറ്റു സ്‌നേഹിക്കുകയും ഇതര ഭാഷകളോടു വിമുഖത കാണിക്കുകയും ചെയ്യുന്ന തമിഴര്‍ക്ക് മംഗളൂരുവില്‍ ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച ശ്രീവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്തിനെ ഉള്‍ക്കൊള്ളാനാകുമോ? തമിഴ് അനുകൂല സംഘടനകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. തമിഴര്‍ എന്നെ തമിഴനായിത്തന്നെ സ്വീകരിച്ചുകഴിഞ്ഞെന്നും താനിപ്പോള്‍ ശുദ്ധ തമിഴനാണെന്നും രജനിക്ക് ഇടക്കിടെ പറയേണ്ടിവരുന്നതിന്റെ സാഹചര്യം തമിഴരുടെ മനസ്സ് നന്നായി അറിയാകുന്നത് കൊണ്ടാണ്. പാലക്കാട്ടുകാരനായ എം ജി ആറിനും കര്‍ണാടകയിലെ മൈസൂരുവില്‍ അയ്യങ്കാര്‍ സമുദായത്തില്‍ ജനിച്ച ജയലളിതക്കും തമിഴ് രാഷ്ട്രീയത്തെ കൈപിടിയിലൊതുക്കാനായെങ്കിലും തമിഴരില്‍ അന്നത്തേക്കാള്‍ രാഷ്ട്രീയ അവബോധം വളര്‍ന്നു കഴിഞ്ഞിട്ടുണ്ട് ഇന്ന്. കേവലം സിനിമയിലെ അനുയായികളെ കൊണ്ടു മാത്രം ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നാണ് ശരത്കുമാറിന്റെയും വിജയ്കാന്തിന്റെയും ഖുഷ്ബുവിന്റെയും അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. വലിയ പ്രതീക്ഷകളോടെ രാഷ്ട്രീയത്തിലേക്ക് കടന്ന ഇവര്‍ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. സിനിമയിലെ രജനി അനുയായികളില്‍ നല്ലൊരു ഭാഗവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. സിനിമയിലെ രജനി ഡയലോഗുകള്‍ക്ക് കിട്ടുന്ന കയ്യടി രാഷ്ട്രീയ വേദികളിലെ പ്രസംഗങ്ങള്‍ക്ക് അവരില്‍ നിന്ന് ലഭിക്കണമെന്നില്ല. സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ട പോലെ രാഷ്ട്രീയത്തില്‍ നിരക്ഷനുമാണ് രജനി. അതായിരുന്നില്ല എം ജി ആറിന്റെയും ജയയുടെയും സ്ഥിതി.

ഹിന്ദുത്വ രാഷ്ട്രീയത്തോട് അകലം പാലിക്കുന്നവരാണ് തമിഴരെന്നതും രജനിയുടെ സ്വപനങ്ങള്‍ക്ക് വിഘാതമായേക്കും. ബി ജെ പിയോടും മോദിയോടും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് രജനി. 2004ല്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അദ്ദേഹം 2014ലെ ലോക്‌സഭാ തിരഞ്ഞടുപ്പിനു തൊട്ടു മുമ്പ് മോദിയുമായി കൂടിക്കാഴ്ച നടത്തുകയും പ്രധാനമന്ത്രിയായ ശേഷം മോദിയുമായി കൂടുതല്‍ അടുക്കുകയും ചെയ്തിട്ടുണ്ട്. നോട്ട് നിരോധമുള്‍പ്പെടെ മോദിയുടെ പല നടപടികള്‍ക്കും രജനി പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്ന് പോലും ഇടക്കാലത്ത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേരാതെ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കാനാണ് തീരുമാനമെങ്കിലും തമിഴരെ ഹിന്ദുത്വവുമായി അടുപ്പിക്കുകയാണ് പുതിയപാര്‍ട്ടിയിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. ആത്മീയതക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും പുതിയ പാര്‍ട്ടിയെന്ന രജനിയുടെ പ്രഖ്യാപനവും ഇതിനെ സ്വാഗതം ചെയ്തുള്ള ആര്‍ എസ് എസ് താത്വികന്‍ ഗുരുമൂര്‍ത്തിയുടെ ട്വീറ്റും നല്‍കുന്ന സൂചനയും ഇതുതന്നെ. മോദിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ നീക്കമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാടിനെ നിയന്ത്രിച്ചിരുന്ന രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ക്ഷീണം സംഭവിച്ച പശ്ചാത്തലത്തില്‍ സ്വതന്ത്രമായാരു മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന് സാധ്യതയുണ്ടെന്നല്ലാതെ ഹിന്ദുത്വ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ബി ജെ പിക്ക് ശക്തിപകരുകയും ചെയ്യുന്ന ഒരു കക്ഷിക്ക് സംസ്ഥാനത്ത് സ്വീകാര്യത ലഭിക്കുമോ?

Latest