Connect with us

National

മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Published

|

Last Updated

ഷില്ലോങ്:നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായായ എ.എല്‍. ഹെക്കാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഹെക്കിനൊപ്പം മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ അറിയിച്ചു.

കേന്ദ്ര ടൂറിസം മന്ത്രിയും മേഘാലയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതലയുമുള്ള അല്‍ഫോന്‍സ് കണ്ണന്താനം, വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനറും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് പാര്‍ട്ടി മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസിന്റെ അഞ്ചു പേര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ നിയമസഭയില്‍നിന്നു രാജിവച്ച് എന്‍ഡിഎ സഖ്യത്തിലുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ചേരുമെന്ന് പ്രഖ്യാപിച്ചത്. രാജി വച്ചവരില്‍ രണ്ടുപേര്‍ മന്ത്രിമാരാണ്. ഇതോടെ 60 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരുണ്ടായിരുന്ന സര്‍ക്കാരിന്റെ അംഗബലം 24 ആയി. എങ്കിലും സ്വതന്ത്രരുടെ പിന്തുണയുള്ളതിനാല്‍ മുകുള്‍ സാങ്മ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകും. 17 സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ചിലാണ് മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.