Connect with us

National

അഭ്യൂഹങ്ങള്‍ക്ക് വിരാമം; രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്

Published

|

Last Updated

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ സംബന്ധിച്ചുണ്ടായ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമംകുറിച്ചുകൊണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കി. ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്ല്യാണ മണ്‍പത്തില്‍ നടന്ന ചടങ്ങില്‍ ആരാധകരെ അഭിസംബോധന ചെയ്യവെയാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജനിയുടെ രാഷ്ട്രീയപ്രവേശനം തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ജയലളിതയുടെ മരണത്തോടെ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാവുകയായിരുന്നു.

പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31ന് തീരുമാനം വെളിപ്പെടുത്തുമെന്ന് രജനി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയം തനിക്കറിയാത്ത കാര്യമല്ലെന്നായിരുന്നു ഡിസംബര്‍ 26ന് ആരാധകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചപ്പോള്‍ പറഞ്ഞത്.

1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്.

പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും ഇന്നത്തെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.