Connect with us

Gulf

ലോക കേരള സഭ: പ്രതിനിധികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയില്ല

Published

|

Last Updated

ദോഹ: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളത്തിന് പന്ത്രണ്ടു ദിവസം മാത്രം അവശേഷിക്കേ സഭയിലെ പ്രവാസി പ്രതിനിധികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരത്തേ യാത്രാ തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഗള്‍ഫിലെ നോര്‍ക, ഭരണകക്ഷി പ്രതിനിധികള്‍ നല്‍കുന്ന വിവരം. ജനുവരി 12, 13 തിയതികളില്‍ നിയസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്.
അതേസമയം ലോകകേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് ഇ മെയില്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രാജ്യത്തെയും പട്ടിക പൂര്‍ണമല്ല. തിരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ച് ഇതിനകം ചില സാഹമൂഹിക പ്രവര്‍ത്തകര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ലോകകേരളസഭയുടെ വെബ്‌സൈറ്റില്‍ അംഗങ്ങള്‍ എന്ന പേജില്‍ ആരുടെയും പേരുകള്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല. സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനായി വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തി വരുന്നുണ്ട്.
വിദേശ രാജ്യങ്ങളില്‍നിന്നും തിരഞ്ഞെടുക്കുന്ന 100 പേരില്‍ എണ്‍പതോളം പേര്‍ ഗള്‍ഫില്‍നിന്നായിരിക്കുമെന്നാണ് സര്‍കാര്‍ നേരത്തേ നല്‍കിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യാനുപാതത്തില്‍ യു എ ഇയില്‍നിന്നായിരിക്കും കൂടുതല്‍ പേര്‍. തുടര്‍ന്ന് സഊദി. ഖത്വറില്‍നിന്ന് ആറു പേര്‍ക്കാണ് അവസരം ലഭിക്കുക. വിവിധ സംഘടനകളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദവും സന്തുലിതാവസ്ഥ പുലര്‍ത്താനുള്ള ശ്രമവുമാണ് പട്ടിക പുറത്തുവിടാന്‍ വൈകുന്നതെന്നാണ് ഇടതുസംഘടനാ പ്രതിനിധികള്‍ പറയുന്നത്. ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സഭാനാഥന്‍ കൂടിയായ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പട്ടിക തയാറാക്കുന്നത്.
സംസ്ഥാനത്തെ 141 എം എല്‍ എമാര്‍ ഉള്‍പ്പെടെ 351 പേരാണ് ലോകകേരളസഭയിലെ അംഗങ്ങള്‍. കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലിമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 178 അംഗങ്ങളെ കേരളസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നത്. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 100 പേര്‍ പുറം രാജ്യങ്ങളില്‍ നിന്നുമായിരിക്കും. ആറ് പേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും 30 പേര്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളുമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകകേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.
മുഖ്യമന്ത്രി സഭാനാഥനും പ്രതിപക്ഷനേതാവ് ഉപനാഥനും സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രസീഡിയം ഉള്‍പ്പെടെ ലോകകേരളസഭയുടെ ഘടന സര്‍ക്കാര്‍ തീരുമാനിച്ച് ഔദ്യോഗിക ഉത്തരവുകളിറക്കിയിട്ടുണ്ട്. സഭയിലെ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഔദ്യോഗിക സ്വഭാവം കൊണ്ടു വരുന്നതിനായി ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടാകും. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും പുരോഗതിയും ചര്‍ച്ച ചെയ്യുന്നതിന് ഔദ്യോഗിക ജനപ്രാതിനിധ്യവേദി എന്ന നിലയിലാണ് ഇടതു സര്‍ക്കാര്‍ ലോകകേരളസഭയെ അവതരിപ്പിക്കുന്നത്.

Latest