Connect with us

Gulf

ഖത്വറില്‍നിന്നും ഇന്തോനേഷ്യയിലേക്ക് നേരിട്ടുള്ള കപ്പല്‍ സര്‍വീസ് ഉടന്‍

Published

|

Last Updated

ദോഹ: ഹമദ് തുറമുഖത്ത് നിന്നും ഇന്തോനേഷ്യയിലെ രണ്ട് തുറമുഖങ്ങളിലേക്ക് നേരിട്ട് കപ്പല്‍ സര്‍വീസ് തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ചരക്കു കയറ്റിറക്കുമതി എളുപ്പമാക്കുന്നതിനായാണ് പുതിയ സര്‍വീസ്.
ഖത്വറിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി മുഹമ്മദ് ബസ്‌റി സിദേഹബിയാണ് പുതിയ കപ്പല്‍ സര്‍വീസ് വിവരം വെളിപ്പെടുത്തിയത്. നേരിട്ടുള്ള കപ്പല്‍ സര്‍വീസ് തുടങ്ങുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാകും. ജക്കാര്‍ത്തയിലെ തന്‍ജുംഗ്, പ്രിയോക്, സുറാബയയിലെ തന്‍ജുംഗ് പെരാക് എന്നീ രണ്ട് പ്രധാന തുറമുഖങ്ങളിലേക്കാണ് ഹമദ് തുറമുഖത്ത് നിന്നും നേരിട്ട് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതെന്ന് ദോഹയിലെ ഇന്തോനേഷ്യന്‍ എംബസി മിനിസ്റ്റര്‍ കൗണ്‍സലര്‍ എന്‍ഡാങ് കുസുവായ വിശദീകരിച്ചു. ഇന്തോനേഷ്യന്‍ തുറമുഖങ്ങളിലേക്ക് നേരിട്ട് കപ്പല്‍ സര്‍വീസ് തുടങ്ങാനുള്ള കരാര്‍ ഒക്ടോബറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. എത്രയും വേഗം സര്‍വീസ് യാഥാര്‍ഥ്യമാക്കാനുള്ള നടപടകള്‍ പുരോഗതിയിലാണ്.

2016ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യം 91.5 കോടി റിയാലില്‍ എത്തിയിരുന്നു. 2017 ല്‍ ഇത് 120 കോടി റിയാലാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഖത്വറില്‍ നിന്നും ഇന്തോനേഷ്യയിലേക്കുള്ള കയറ്റുമതി ഏകദേശം 90 കോടി ഡോളറും ഇറക്കുമതി 30 കോടി ഡോളറുമാണ് പ്രതീക്ഷിക്കുന്നതെന്നും കുസവായ പറഞ്ഞു.
ഖത്വറില്‍ നിന്നും ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയാണ് വ്യാപാര തോതിന്റെ പ്രധാന ഭാഗവും. ഇന്തോനേഷ്യയില്‍നിന്നും പ്രധാനമായും സ്റ്റേഷനറി ഉത്പന്നങ്ങളും കാപ്പിയുമാണ് ദോഹയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. നേരിട്ടുള്ള കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിലൂടെ പാല്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, കോഴി തുടങ്ങി കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യും.

നിലവില്‍ ഒമാന്‍ വഴിയാണ് ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി നടക്കുന്നത്. ഒമാന്‍ വഴിയുള്ള സമുദ്ര ഗതാഗതത്തിന് ചെലവ് കൂടിയ സാഹചര്യത്തിലാണ് നേരിട്ടുള്ള കപ്പല്‍ സര്‍വീസിന് തീരുമാനമെടുത്തത്. ഇന്തോനേഷ്യയില്‍ ഖത്വറിന് നിരവധി നിക്ഷേപങ്ങളുണ്ട്.

2022 ലോകകപ്പ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഖത്വറിനെ പിന്തുണക്കാന്‍ ഇന്തോനേഷ്യ പ്രതിജ്ഞാബദ്ധമാണെന്നും കുസവായ പറഞ്ഞു. കൃഷി, ടൂറിസം, വസ്തുവിപണി തുടങ്ങി നിരവധി മേഖലകളില്‍ രാജ്യത്ത് ഖത്വര്‍ നിക്ഷേപകര്‍ക്ക് അവസരമുണ്ടെന്നും കുസവായ പറഞ്ഞു. അയല്‍ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ദോഹയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള ചരക്കു കപ്പല്‍ സര്‍വീസിന് ഖത്വര്‍ താത്പര്യമെടുത്തത്. ഇതിനകം, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള കപ്പല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഒമാനിലെ സലാല, സോഹാര്‍ തുറമുഖങ്ങളിലേക്കും കുവൈത്തിലേക്കും നരിട്ടുള്ള കപ്പല്‍ സര്‍വീസുകള്‍ നടന്നു വരുന്നു.