അതിര്‍ത്തിയിലെ സൈനികരെ ഇന്ത്യ കര്‍ശനമായി നിയന്ത്രിക്കണം: ചൈന

Posted on: December 29, 2017 10:05 am | Last updated: December 29, 2017 at 10:05 am

ബീജിംഗ്: അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ചൈന. അതിര്‍ത്തിയില്‍ ശാന്തതയും സ്ഥിരതയും ഉറപ്പ് വരുത്താന്‍ സംയമനം അത്യന്താപേക്ഷിതമാണെന്നും ചൈനീസ് പ്രതിരോധ വക്താവ് കേണല്‍ റെന്‍ ഗുവോകിയാംഗ് പറഞ്ഞു. ദോക്‌ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മാസങ്ങളോളം യുദ്ധാന്തരീക്ഷത്തില്‍ മുഖാമുഖം നിന്നത് ഓര്‍മിപ്പിച്ചു കൊണ്ടാണ് ചൈനയുടെ മുന്നറിയിപ്പ്.

ദോക്‌ലാം പരിഹരിക്കാനായത് വലിയ മുന്നേറ്റമായിരുന്നുവെന്നും ചെനീസ് വക്താവ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ദോക്‌ലാം പോലുള്ള ചൂടേറിയ വിഷയങ്ങളില്‍ ചൈനീസ് സൈന്യം ശക്തമായ നിലപാടാണ് കൈകൊണ്ടത്. ആ നിലപാട് ചൈനയുടെ പരമാധികാരം കാത്തു സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ദക്ഷിണ ചൈനാ കടലിലെ തര്‍ക്കത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇക്കാര്യങ്ങള്‍ ഇന്ത്യ മനസ്സിലാക്കണം. അതിര്‍ത്തിയിലെ സൈന്യത്തെ ശരിയായി നിയന്ത്രിക്കാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.