Connect with us

Gulf

പുതുവത്സര ദിനം; ഞായര്‍, തിങ്കള്‍ പാര്‍കിംഗ് സൗജന്യം

Published

|

Last Updated

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി പുതുവത്സര അവധി ദിനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയ ക്രമം പ്രഖ്യാപിച്ചു. ഉപഭോക്തൃ സന്തോഷ കാര്യ കേന്ദ്രങ്ങള്‍, പാര്‍കിംഗ് കേന്ദ്രങ്ങള്‍, പൊതു ഗതാഗത ബസുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ഗതാഗത സംവിധാനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍, വാഹന രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ സമയക്രമങ്ങളാണ് പ്രഖ്യാപിച്ചത്.

ഉപഭോക്തൃ സന്തോഷ കാര്യ കേന്ദ്രങ്ങള്‍ ഡിസംബര്‍ 31 ഞായര്‍ മുതല്‍ അവധിയായിരിക്കും. ജനുവരി രണ്ടിന് ചൊവ്വാഴ്ചയാകും കേന്ദ്രങ്ങള്‍ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കുക.
ഡിസംബര്‍ 31ന് ഞായര്‍ മുതല്‍ എല്ലാ പാര്‍കിംഗ് കേന്ദ്രങ്ങളിലും പാര്‍കിംഗ് സൗജന്യമായിരിക്കും. എന്നാല്‍ നഗരസഭയുടെ ബഹുനില പാര്‍കിംഗ് കേന്ദ്രങ്ങളില്‍ പാര്‍കിംഗ് സൗജന്യമായിരിക്കുകയില്ല. ജനുവരി രണ്ട് ചൊവ്വാഴ്ച മുതല്‍ പാര്‍കിംഗ് നിരക്കുകള്‍ വീണ്ടും ഈടാക്കിത്തുടങ്ങും.
ദുബൈ മെട്രോ ചുവപ്പ് പാതയില്‍ 31ന് ഞായറാഴ്ച രാവിലെ അഞ്ച് മണി മുതല്‍ ജനുവരി രണ്ടിന് ചൊവ്വ അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കും. പച്ചപ്പാതയില്‍ ഡിസംബര്‍ 31ന് ഞായറാഴ്ച രാവിലെ 05:30 മുതല്‍ ജനുവരി രണ്ടിന് അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കും.
ദുബൈ ട്രാം ഡിസംബര്‍ 31ന് ഞായറാഴ്ച രാവിലെ ആറ് മുതല്‍ ജനുവരി രണ്ടിന് വെളുപ്പിന് ഒരു മണി വരെ പ്രവര്‍ത്തിക്കും.

മറീന സ്റ്റേഷനില്‍ നിന്ന് വാട്ടര്‍ ബസ് 31ന് ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ സര്‍വീസ് നടത്തും. ജനുവരി ഒന്നിന് ഉച്ചക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെയും സര്‍വീസുണ്ടാകും. മറീന മാള്‍, മറീന വാക്ക്, മറീന ടെറസ്, മറീന പ്രൊമെനേഡ് സ്റ്റേഷനുകളിലേക്കാണ് സര്‍വീസ്.
ജനുവരി ഒന്നിന് വാട്ടര്‍ ടാക്‌സി രാവിലെ ഒന്‍പതു മുതല്‍ രാത്രി 10 വരെയും സര്‍വീസ് നടത്തും.
ദുബൈ ഫെറി 31ന് അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് രാവിലെ 11നും ഉച്ചക്ക് ഒന്നിനും സര്‍വീസ് നടത്തും. ജദ്ദാഫ് മുതല്‍ വാട്ടര്‍ കനാല്‍ സ്റ്റേഷന്‍ വരെ രാവിലെ 10നും ഉച്ചക്ക് 12നും സര്‍വീസ് നടത്തും.

 

Latest