കാബൂളില്‍ ചാവേറാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

Posted on: December 28, 2017 2:45 pm | Last updated: December 28, 2017 at 10:42 pm

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ 40 പേര്‍ കൊല്ലപ്പെട്ടു.30 പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ ഷിയ സാംസ്‌കാരിക കേന്ദ്രമായ തബയാനിലാണ് ചാവേറാക്രമണമുണ്ടായത്.

അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ ഇടപെടലിന്റെ 38ാം വാര്‍ഷിക പരിപാടികളായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി അറിയിച്ചു. വിദ്യാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരുമാണ് ഇവിടെ കൂടുതല്‍ ഉണ്ടായത്. ഭീകരാക്രമണ ഭീഷണിയുണ്ടായിരുന്ന വോയ്‌സ് ഏജന്‍സിയെന്ന അഫ്ഗാന്‍ മാധ്യമ സ്ഥാപനത്തിനു തൊട്ടടുത്താണു സ്‌ഫോടനമുണ്ടായ സ്ഥലം.

ആദ്യം ചാവേറാക്രമണമാണ് ഉണ്ടായത്. പിന്നീടു മറ്റു രണ്ടു സ്‌ഫോടനങ്ങളുമുണ്ടായെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.