സാമ്പത്തിക ഭദ്രത സൂചിപ്പിക്കുന്നതാണ് പൊതു ബജറ്റെന്ന് ക്യു എഫ് സി

Posted on: December 24, 2017 8:47 pm | Last updated: December 24, 2017 at 8:47 pm

ദോഹ: രാജ്യത്തിന്റെ കരുത്തുറ്റ സാമ്പത്തിക ഭദ്രത അറിയിക്കുന്നതാണ് അടുത്ത വര്‍ഷത്തേക്കുള്ള പൊതു ബജറ്റെന്ന് ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍. ഉപരോധം നേരിടുമ്പോഴും രാജ്യത്തിന്റെ സമ്പദ്‌രംഗം മികച്ചു നില്‍ക്കുന്നുവെന്ന് അറിയിക്കുന്നതാണ് ബജറ്റെന്ന് ഫിനാന്‍ഷ്യല്‍ സെന്റര്‍ സി ഇ ഒ യൂസുഫ് മുഹമ്മദ് അല്‍ ജൈഹാദ് പറഞ്ഞു. അതിവേഗ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മേഖലയിലെ മുന്‍നിര സാമ്പത്തിക, വ്യാപാര കേന്ദ്രമാണ് ക്യു എഫ് സി.

രാജ്യത്തിന്റെ സാമ്പത്തിക വരുമാന മേഖലയാകെ വൈവിധ്യവത്കരിക്കുക എന്ന ആശയത്തിലാണ് ഫിനാന്‍ഷ്യല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സമ്പദ് മേഖലക്ക് ബലം നല്‍കുന്ന രീതിയില്‍ കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരുന്നതിലാണ് സെന്റര്‍ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് എണ്ണയിതര വരുമാനം വര്‍ധിക്കുന്നുവെന്ന് ബജറ്റ് തെളിയിക്കുന്നു. അടുത്ത വര്‍ഷങ്ങളിലും വരുമാനം വര്‍ധിക്കുന്ന രീതിയില്‍ രാജ്യത്തെ എണ്ണയിതര വ്യാപാര, വാണിജ്യ രംഗം ശക്തിപ്പെട്ടുവരുന്നുണ്ട്.
ഈ വര്‍ഷം രാജ്യാന്തര തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനം നടത്താന്‍ ക്യു എഫ് സി സന്നദ്ധമായി. പ്രധാനമായും യൂറോപ്, ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു പ്രവര്‍ത്തനം. ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തു നടന്നു വരുന്ന പ്രധാന പദ്ധതികളില്‍ അന്താരാഷ്ട്ര കമ്പനികള്‍ കാണിക്കുന്ന താത്പര്യം രാജ്യത്തെ നിക്ഷേപ, സാമ്പത്തിക മേഖല വൈവിധ്യവത്കരിക്കപ്പെട്ടുവെന്നതിന്റെ തെളിവാണ്. രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിക്ഷേപം നടത്താനുള്ള കൂടുതല്‍ അവസരങ്ങള്‍ തുറന്നു വരികയാണ്. ഖത്വര്‍ ദേശീയ ദര്‍ശന രേഖ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികളാണ് ഇതിനു സഹായകമാകുന്നത്.

നിലവില്‍ നടന്നു വരുന്ന ഒരു പദ്ധതിയെയും സാമ്പത്തിക സാഹചര്യങ്ങള്‍ പ്രതികൂലമായി ബാധിച്ചിട്ടില്ല. നേരത്തേ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ അനുസരിച്ചു തന്നെ പദ്ധതികള്‍ നടന്നു വരുന്നു. ബജറ്റിലും പദ്ധതികള്‍ക്കായി മതിയായ തുക മാറ്റിവെച്ചിട്ടുണ്ട്. ഇത് തന്നെ പദ്ധതികളെ ബാധിക്കില്ലെന്നതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.