ആത്മവിശ്വാസത്തോടെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈക്കെതിരെ

രാത്രി 8.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം
Posted on: December 22, 2017 9:17 am | Last updated: December 22, 2017 at 12:01 pm

ചെന്നൈ: ഐ എസ് എല്‍ നാലാം സീസണില്‍ ആദ്യ ജയം നേടിയ ആത്മവിശ്വാസവുമായി കേരള ബ്ലാസറ്റേഴ്‌സ് ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സിയെ നേരിടും.
ബ്ലാസ്്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യലന്‍സ്‌ററീന് ഇന്ന് ബെര്‍ബതോവും പ്രീതം കുമാറും ഇല്ലാത്ത ടീമിനെ അണിനിരത്തേണ്ടിവരും. അതേസമയം ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറിക്ക് കളിക്കാരുടെ പരുക്ക് സംബന്ധിച്ച് ആശങ്കകളൊന്നുമില്ല. ചെന്നൈയിന്റെ മുഴുവന്‍ ടീമും മത്സര സജ്ജമായിക്കഴിഞ്ഞു.

ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മൂന്നു മത്സരങ്ങളിലെ സമനില നല്‍കിയ വിരസതയും നിരാശയും ഗോവയില്‍ നിന്നേറ്റ തിരിച്ചടിയും ബ്ലാസ്റ്റേഴ്‌സിനെ പടുകുഴിയിലേക്ക് തള്ളിയിട്ടിരുന്നു. എന്നാല്‍ നോര്‍ത്ത് ഈസറ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയതോടെ ടീം ആകെ മാറി. വിനീതിന്റെ ഡൈവിംഗ് ഹെഡര്‍ അത്ര മാത്രം ഊര്‍ജമാണ് ഗോളിനൊപ്പം ടീമിന് പകര്‍ന്നത്. ഒരു ടീമിനെ സംബന്ധിച്ചു ക്ലീന്‍ ഷീറ്റ് നേടുകയെന്നതിനാണ് മുന്‍തൂക്കമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യൂളെന്‍സ്റ്റീന്‍ പറഞ്ഞു. ബ്ലാസറ്റേഴ്‌സ് കഴിഞ്ഞ അഞ്ച് ഗെയിമുകളില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയിരുന്നു.

ക്ലീന്‍ഷീറ്റുകളാണ് എല്ലത്തിന്റെയും അടിസ്ഥാനം. ഇവ ശരിയായ ദിശയില്‍ നീങ്ങുവാന്‍ സഹായമാകുന്നു. അതുകൊണ്ടു തന്നെ അതേറ്റവും പ്രധാനമാണ്. ഞങ്ങളുടെ വളരെ ദൃശ്യമായ ഉറച്ച പ്രതിരോധമായിരുന്നു ഈ സീസണിലെ ആദ്യ ജയത്തിനു വഴിയൊരുക്കിയത്. വിജയം എങ്ങനെ കൈപ്പിടിയില്‍ ഒതുക്കാനാകുമെന്നു വ്യക്തമായി അറിയുന്ന ടീമാണ് ചെന്നൈയിന്‍, അതേപോലെ കളി സെറ്റ് ചെയ്യുന്നതിലും ഓപ്പണ്‍ അവസരങ്ങള്‍ സൃഷ്ടിച്ചു ഗോള്‍ നേടുന്നതിലും കഴിവുള്ള ടീമാണ് ചെന്നൈയിന്‍ – മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സഹപരിശീലകന്‍ റെനെ പറയുന്നു.