ഷാര്‍ജ മുന്‍തസ ഉദ്യാനത്തില്‍ പുതിയ പരിപാടികള്‍: 10 കോടി ദിര്‍ഹം ചെലഴിക്കും

Posted on: December 20, 2017 10:32 pm | Last updated: December 20, 2017 at 10:32 pm
ശുറൂഖ് സി ഒ ഒ അഹ്മദ് ഉബൈദ് അല്‍ ഖസീര്‍ ഉദ്യോഗസ്ഥര്‍ക്കും കലാകാരന്മാര്‍ക്കുമൊപ്പം

ഷാര്‍ജ: അല്‍ മുന്‍തസ അമ്യൂസ്‌മെന്റ് ആന്‍ഡ് വാട്ടര്‍ പാര്‍കില്‍ ‘മുത്തുകളുടെ സാമ്രാജ്യവും ഇതിഹാസ നായകരുടെ ദ്വീപും’ വരുന്നു. രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തു കോടി ദിര്‍ഹം ചെലവഴിച്ചുള്ള 60 പുതിയ അത്യാകര്‍ഷക പരിപാടികള്‍ നടത്തുമെന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) അറിയിച്ചു

വികസന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ വാട്ടര്‍ പാര്‍കില്‍ 7,000 പേരെയും അമ്യൂസ്‌മെന്റ് പാര്‍കില്‍ 10,000 പേരെയും ഉള്‍കൊള്ളാനാകുമെന്ന് ശുറൂഖ് സി ഒ ഒ അഹ്മദ് ഉബൈദ് അല്‍ ഖസീര്‍ പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള വാട്ടര്‍ പാര്‍ക് അടുത്ത വര്‍ഷം ഫെബ്രുവരിയിലും അമ്യൂസ്‌മെന്റ് പാര്‍ക് രണ്ടാം പാദത്തിലും സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. 2014 മേയിലാണ് അല്‍ ജസീറ പാര്‍ക് അല്‍ മുന്‍തസ അമ്യൂസ്‌മെന്റ് ആന്‍ഡ് വാട്ടര്‍ പാര്‍കായി പുനര്‍നിര്‍മിച്ചത്.

മുത്തുകളുടെ രാജകുമാരി എന്ന വിഷയമടിസ്ഥാനമാക്കിയാണ് മുത്തുകളുടെ സാമ്രാജ്യം എന്ന വാട്ടര്‍ പാര്‍ക് വിഭാഗം ഒരുക്കുക. തന്റെ വിജ്ഞാനം കൊണ്ട് സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് രാജകുമാരി കണ്ടെടുക്കുന്ന വിലപിടിപ്പുള്ള കല്ലുകളുപയോഗിച്ച് സാമ്രാജ്യം നിര്‍മിച്ചതായാണ് ഈ കഥ. ഈ വിഭാഗത്തില്‍ ആകര്‍ഷകങ്ങളായ 35 ഇനങ്ങളാണ് ഏര്‍പെടുത്തുക. 200 ലേറെ സന്ദര്‍ശകര്‍ക്ക് ഒരേ സമയം പ്രവേശനം അനുവദിക്കും. നാലു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്ലൈഡ് ടവറുള്ള പ്രത്യേക സ്ഥലം തന്നെ ഇവിടെയൊരുക്കും. കൂടാതെ, ലഘു ഭക്ഷണ സ്റ്റാളുകളും ഒരുക്കും.

ഒന്‍പത് രാജ്യങ്ങളിലൂടെ കുട്ടികള്‍ ട്രെയിനിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് ഇതാഹാസ നായകരുടെ ദ്വീപ് (ഐലന്‍ഡ് ഓഫ് ലെജന്‍ഡ്‌സ്) സജ്ജീകരിക്കുക.
കൊച്ചുകൂട്ടുകാര്‍ക്ക് കളിച്ച് തിമര്‍ക്കാനായി ഇവിടെ പുതുതായി 26 ഇനങ്ങള്‍ ഉണ്ടായിരിക്കും. യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികളാണ് പുതിയ റൈഡുകളുടെയും മറ്റും നിര്‍മാതാക്കള്‍. 100 കൊച്ചുകുട്ടികള്‍ക്ക് ഒരേ സമയം ആസ്വദിക്കാവുന്ന ബൗണ്‍സിംഗ് നെറ്റാണ് പ്രത്യേകത. രണ്ട് കോച്ചുകളില്‍ 40 പേര്‍ക്ക് യാത്രചെയ്യാവുന്ന ട്രെയിനാണ് ഏര്‍പെടുത്തുക. ഈ ട്രെയിനിലൂടെ ഇതിഹാസ നായകരുടെ ദ്വീപിലൂടെ കുട്ടികള്‍ക്ക് സഞ്ചരിക്കാം. 1500 പേര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം നല്‍കുന്ന ഔട്ട്‌ലെറ്റുകളും ലഘു ഭക്ഷണം വിതരണം ചെയ്യുന്ന നാല് തട്ടുകടകളും ഇവിടെയുണ്ടായിരിക്കും.