Connect with us

Kerala

ട്രെയിന്‍ വൈകല്‍ മെയ് വരെ നീളും; വൈകിയോടുന്ന വണ്ടികളുടെ ഷെഡ്യൂള്‍ ഇന്ന് പ്രഖ്യാപിക്കും

Published

|

Last Updated

ഷൊര്‍ണൂര്‍- മംഗലാപുരം റൂട്ടില്‍ ട്രെയിന്‍ വൈകല്‍ അടുത്ത മെയ് വരെ നീളും. അറ്റകുറ്റപ്പണികള്‍ വേണ്ടത്ര വേഗത്തില്‍ തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ട്രെയിനുകള്‍ പിടിച്ചിട്ട് ജോലി തുടരാന്‍ തന്നെയാണ് റെയില്‍വേയുടെ തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 31 വരെയായി ചെയ്തുതീര്‍ക്കേണ്ട ജോലികളില്‍ നല്ലൊരു ശതമാനവും ബാക്കിയായ സാഹചര്യത്തില്‍ പകുതിയെങ്കിലും അടുത്ത മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. നേരത്തെ ഈ മാസം 21 വരെയായിരുന്നു അറ്റകുറ്റപ്പണികള്‍ക്കായി ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചിരുന്നത്. എന്നാല്‍, ഇത് അടുത്ത മെയ് മാസം വരെ നീളുമെന്നാണറിയുന്നത്. 21 മുതല്‍ വൈകിയോടുന്ന ട്രെയിനുകളുടെ സമയക്രമം റെയില്‍വേ ഇന്ന് പ്രസിദ്ധീകരിച്ചേക്കും.

ഷോര്‍ണൂര്‍- മംഗലാപുരം റൂട്ടില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികളുടെ പകുതി പോലും കഴിഞ്ഞ മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കാനായിട്ടില്ലെന്നിരിക്കെ ട്രെയിന്‍ വൈകിയാലും അപകടസാധ്യതകള്‍ കുറക്കുകയെന്ന ലക്ഷ്യമാണ് റെയില്‍വേക്കുള്ളത്. പാളം മുഴുവന്‍ പുതുക്കിപ്പണിയുന്നതിനായി നേരത്തെ ലക്ഷ്യം വെച്ചതില്‍ 228 കിലോമീറ്ററാണ് കഴിഞ്ഞ മാര്‍ച്ച് വരെ ബാക്കിയായിരുന്നത്. ഇതില്‍ അടുത്ത മാര്‍ച്ചിന് മുമ്പ് 104 കിലോമീറ്ററിന്റെ ജോലികള്‍ ചെയ്ത് തീര്‍ക്കാനാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ഇക്കഴിഞ്ഞ നവംബര്‍ വരെ 47 കിലോമീറ്റര്‍ പാതയുടെ ജോലി മാത്രമാണ് പൂര്‍ണമായത്.

പാളത്തില്‍ മെറ്റല്‍ പാകുന്ന ജോലി 218 കിലോമീറ്ററാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ 90 കിലോമീറ്ററാണ് അടുത്ത മാര്‍ച്ച് വരെ ലക്ഷ്യം. എന്നാല്‍ നവംബര്‍ വരെ പൂര്‍ത്തിയായത് 59.85 കിലോമീറ്റര്‍ മാത്രമാണ്. പാളത്തിലെ വാട്ടര്‍ കണക്ഷന്റെ ജോലി ഒമ്പത് കിലോമീറ്ററാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കില്‍ നാല് കിലോമീറ്ററാണ് ഇതിനകം പൂര്‍ത്തിയാക്കാനായത്. സ്ലീപ്പര്‍ റിന്യൂവല്‍ ജോലി 129 കിലോമീറ്ററാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ 77.5 കിലോമീറ്ററാണ് ഈ വര്‍ഷം ലക്ഷ്യം. ഇതില്‍ കഴിഞ്ഞ നവംബര്‍ വരെ 50 കിലോമീറ്ററിന്റെ ജോലി പൂര്‍ത്തിയാക്കാനായിട്ടുണ്ട്.

 

 

Latest