മഅ്ദിന്‍ ക്യൂ ലാന്റ് ക്യാമ്പസ് സമര്‍പ്പണ സമ്മേളനം ശനിയാഴ്ച

Posted on: December 19, 2017 11:20 pm | Last updated: December 19, 2017 at 11:20 pm

മലപ്പുറം: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മഅ്ദിന്‍ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി മഞ്ചേരി പുല്‍പ്പറ്റയില്‍ ആരംഭിച്ച മഅ്ദിന്‍ ക്യൂ ലാന്റ് ഗേള്‍സ് ക്യാമ്പസ് സമര്‍പ്പണ സമ്മേളനം ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. കര്‍ണാടക ഭക്ഷ്യ,സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍ മുഖ്യാഥിതിയാകും.

പ്രൈമറി തലം മുതല്‍ വിവിധ പഠന സംവിധാനങ്ങളാണ് ക്യൂ ലാന്റ് ക്യാമ്പസില്‍ ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനത്തില്‍ ക്രമീകരിച്ച ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്കുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജും ബോര്‍ഡിംഗ് സ്‌കൂളും പ്രവര്‍ത്തനമാരംഭിച്ചു. ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കുന്നതോടൊപ്പം സ്‌കൂള്‍, മദ്‌റസാ പഠനം പൂര്‍ത്തീകരിക്കുന്നതിനും മതവിഷയങ്ങളില്‍ അവഗാഹം നേടുന്നതിനും ഇവിടെ സൗകര്യമുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് 2.30ന് കാമ്പസ് സന്ദര്‍ശനവും ഖുര്‍ആന്‍ അയല്‍ക്കൂട്ടം പരിപാടിയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.