Connect with us

Wayanad

ഹിന്ദുത്വ രാഷ്ട്രീയത്തെയും മോദിയെയും എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രം: കെ ടി കുഞ്ഞിക്കണ്ണന്‍

Published

|

Last Updated

കല്‍പ്പറ്റ: വര്‍ഗീയമായ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിലടക്കം ഇതാണ് സംഭവിച്ചത്. സി പി എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ജില്ലാ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു.”മൂലധനത്തിന്റെ 150-ാം വാര്‍ഷികവും ഒക്ടോബര്‍ വിപ്ലവത്തിന്റെ100-ാം വാര്‍ഷികവും” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം.

ജാതി രാഷ്ട്രീയവും വര്‍ഗീയതയും മുദ്രാവാക്യമാക്കി വോട്ടുപിടിക്കാനാണ് മോഡി ശ്രമിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെടല്‍ നടത്തിയെന്ന ഉത്തരവാദിത്ത രഹിതമായ പരാമര്‍ശം മോഡി നടത്തിയത് ഇതിന്റെ ഭാഗമായാണ്. മുസ്‌ലിംവിരുദ്ധ വികാരം പടര്‍ത്താനാണ് ഇതുവഴി ശ്രമിച്ചത്. ഇതേ വഴിയിലാണ് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും നീങ്ങിയത്. ജിഗ്നേഷ് മെഹ്‌വാനിയും ഹാര്‍ദിക് പട്ടേലുമെല്ലാം ഗുജറാത്തില്‍ ഇതേ ജാതി രാഷ്ട്രീയമാണ് പിന്തുടര്‍ന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും മോദിയെയും എതിര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ബി ജെ പിയെ എതിര്‍ക്കാന്‍ തങ്ങളുടെ ഒപ്പം നില്‍ക്കാത്തവര്‍ എല്ലാം ബിജെപിക്കൊപ്പമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേവലയുക്തി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിമത രാഷ്ട്രീയം മുഖമായി മാറിയ ഭരണകൂടമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ഡോ. കെ എന്‍ ഗണേഷ് പറഞ്ഞു.

ജാതിമത രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ പ്രധാന ഉപകരണമാക്കി ജനങ്ങളെ വിഭജിച്ച് തമ്മിലടിപ്പിക്കുയാണ് മുതലാളിത്തം ചെയ്യുന്നത്. ഇന്ത്യയിലുള്‍പ്പെടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി തൊഴില്‍, സേവന മേഖലയിലെല്ലാം വലിയ മാന്ദ്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലടക്കം വലതുപക്ഷ ശക്തികള്‍ ഉദയം ചെയ്യുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഇടതുപക്ഷം ഉയിര്‍ത്തുവരുന്ന കാഴ്ച കാണാനാകും. മൂലധനം മനുഷ്യനെ മായിക ലോകത്തേയ്ക്ക് തള്ളിവിടുമെന്ന മാര്‍ക്‌സിന്റെ വീക്ഷണം ഇക്കാലത്തും പ്രസക്തമായി നിലനില്‍ക്കുകയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്ക് ബദല്‍ സൃഷ്ടിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന വര്‍ഗസമരങ്ങളിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ടി സുരേഷ് ചന്ദ്രന്‍ അധ്യക്ഷനായി. എം മധു സ്വാഗതവും പി എം നാസര്‍ നന്ദിയും പറഞ്ഞു.