Connect with us

International

കിഴക്കന്‍ ജറുസലമിനെ ഫലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിച്ച് ഒ ഐ സി

Published

|

Last Updated

ഇസ്തംബൂള്‍: ഇസ്‌റാഈല്‍ തലസ്ഥാനം ജറുസലമായി പ്രഖ്യാപിച്ച അമേരിക്കക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടത്തിന് മുസ്‌ലിം നേതാക്കള്‍ രംഗത്ത്. കിഴക്കന്‍ ജറുസലമിനെ ഫലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കള്‍ ലോകരാജ്യങ്ങള്‍ ഇത് പിന്തുടരണമെന്നും ആവശ്യപ്പെട്ടു. അമേരിക്കയുടെ ഫലസ്തീന്‍വിരുദ്ധ നടപടിക്കെതിരെ തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ (ഒ ഐ സി) ഉച്ചകോടിയിലാണ് നിര്‍ണായക തീരുമാനം. ഫലസ്തീന്‍ – ഇസ്‌റാഈല്‍ പ്രശ്‌നപരിഹാര ശ്രമത്തില്‍ നിന്ന് അമേരിക്ക പിന്തിരിയണമെന്നും ജറുസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ഒ ഐ സി സെക്രട്ടറി ജനറല്‍ യൂസുഫ് അല്‍ ഉസൈമീന്‍ വ്യക്തമാക്കി. ജറുസലം വിഷയത്തില്‍ അമേരിക്കക്കെതിരെ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിന് ഒ ഐ സി ആഹ്വാനം ചെയ്തിട്ടുണ്ട്.

അമേരിക്കക്കും ട്രംപിനുമെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉച്ചകോടിയില്‍ ഉയര്‍ന്നത്. ട്രംപിന്റെ വിവാദ ഉത്തരവിന് പിന്നാലെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാനാണ് അടിയന്തര ഒ ഐ സി യോഗം വിളിച്ചുചേര്‍ത്തത്.
അമേരിക്കയുടെ സമാധാന പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് അറബ് സമൂഹത്തിനുള്ളത്. 1967ലെ അതിര്‍ത്തി നിര്‍ണയം അടിസ്ഥാനപ്പെടുത്തി കിഴക്കന്‍ ജറുസലമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. “ലോകത്തെ 196 രാജ്യങ്ങളും ഫലസ്തീനൊപ്പമാണ്. എല്ലാ അറബ് രാജ്യങ്ങളും പലസ്തീന്‍ നയതന്ത്ര കാര്യാലയം കിഴക്കന്‍ ജറുസലമിലേക്ക് മാറ്റുകയാണ് വേണ്ടത്. ജറുസലമിനെ സംരക്ഷിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ല. ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിച്ചേ പറ്റൂ” ഉര്‍ദുഗാന്‍ പറഞ്ഞു.
തത്സ്ഥിതിയില്‍ നിന്ന് ഒരു മാറ്റവും ഇപ്പോള്‍ വേണ്ടെന്ന് ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അടക്കം 57 അംഗ രാജ്യങ്ങളില്‍ നിന്ന് ഭരണത്തലവന്മാരോ മന്ത്രിമാരോ ഉച്ചകോടിയില്‍ പങ്കെടുത്തു. മധ്യ പൗരസ്ത്യ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് അടുത്തകാലത്തൊന്നും അയവുണ്ടാകില്ലെന്ന സൂചനയാണ് പല ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും ഫലസ്തീന്‍ ചര്‍ച്ച വഴിമുട്ടയ സാഹചര്യത്തില്‍ അമേരിക്കയുടെ മധ്യസ്ഥ ചര്‍ച്ച വേണ്ടെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

അമേരിക്കയും ഇസ്‌റാഈലും ഫലസ്തീന്‍ ജനതയെ വഞ്ചിക്കുകയാണെന്ന തോന്നല്‍ വ്യാപകമായുണ്ട്. ഇതിനിടയില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇസിലടക്കമുള്ള ഭീകരരുടെ വേരറുക്കാന്‍ അറബ് ലോകം സാധ്യമായതെല്ലാം ചെയ്യുന്നതിനിടയിലാണ്, തീവ്രവാദികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. മധ്യപൗരസ്ത്യ മേഖലയില്‍ ഒരിക്കലും സമാധാനവും പുരോഗതിയും ഉണ്ടാകരുതെന്ന ആഗ്രഹമാണ് ട്രംപിന്റെ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

തീരുമാനം പുനഃപരിശോധിക്കാന്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സഖ്യരാജ്യമായ സഊദി അറേബ്യയും ട്രംപിനെതിരായ നിലപാട് വ്യക്തമാക്കി. ഇസ്‌റാഈല്‍ അധിനിവേശം നടത്തുന്ന കിഴക്കന്‍ ജറുസലം ഫലസ്തീന് അവകാശപ്പെട്ടതാണെന്ന് സഊദി അറേബ്യന്‍ ഭരണാധികാരി തുറന്നടിച്ചു.

 

---- facebook comment plugin here -----