യൂറോപ്യന്‍ യൂണിയന്‍ നടപടി അംഗീകരിക്കാനാകില്ല -യു എ ഇ

Posted on: December 8, 2017 9:59 pm | Last updated: December 8, 2017 at 9:59 pm

ദുബൈ: നികുതി സൗഹൃദമല്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ യു എ ഇ യെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സാമ്പത്തികകാര്യ അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി അറിയിച്ചു.
നികുതിയുമായി ബന്ധപ്പെട്ട വിവര കൈമാറ്റങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ നിബന്ധനകള്‍ യു എ ഇ നടപ്പാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറോടെ പരിഷ്‌കരണങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും.

അതുകൊണ്ട് തന്നെ നികുതി വിഷയത്തില്‍ സൗഹൃദം പ്രകടിപ്പിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ നിന്ന് യു എ ഇയെ ഒഴിവാക്കണം. നികുതി പരിഷ്‌കരണം എന്ന പ്രധാനപ്പെട്ട പ്രശ്നത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ യു എ ഇ ആഗ്രഹിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വെച്ച മിക്ക നിബന്ധനകളും നടപ്പാക്കിയിരിക്കെ ഇത്തരമൊരു നീക്കം ശരിയല്ല. അടിസ്ഥാന നഷ്ടം, ലാഭമാറ്റം, നിലവാര തോത് എന്നിങ്ങനെ ചില്ലറ വിഷയങ്ങള്‍ മാത്രമേ നടപ്പില്‍ വരുത്താന്‍ ബാക്കിയുള്ളു, യൂനിസ് ഹാജി വ്യക്തമാക്കി.