മോദി ജനങ്ങളെ വഞ്ചിച്ചുവെന്ന് മന്‍മോഹന്‍സിംഗ്

Posted on: December 7, 2017 11:21 pm | Last updated: December 8, 2017 at 9:22 am

രാജ്‌കോട്ട്(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. നോട്ട് നിരോധനത്തിലൂടെ മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നെന്ന് മന്‍മോഹന്‍സിംഗ് കുറ്റപ്പെടുത്തി. നോട്ട് നിരോധനവും ജി എസ് ടിയും നടപ്പാക്കിയതിലൂടെ ജനങ്ങള്‍ നേരിടേണ്ടിവന്ന വേദനകള്‍ മനസ്സിലാക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മന്‍മോഹന്‍സിംഗിന്റെ രൂക്ഷവിമര്‍ശനം.

‘ഗുജറാത്തിലെ ജനങ്ങള്‍ മോദിയിലര്‍പ്പിച്ച വിശ്വാസത്തെയാണ് അദ്ദേഹം വഞ്ചിച്ചത്. തങ്ങളുടെ ത്യാഗം രാജ്യനന്മക്കുപകരിക്കുമെന്ന് ആ പാവം ജനങ്ങള്‍ കരുതി. പക്ഷേ, അവരുടെ വിശ്വാസവും പ്രതീക്ഷകളും അസ്ഥാനത്തായി.’ മന്‍മോഹന്‍സിംഗ് പറഞ്ഞു. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരികെ ബേങ്കുകളിലെത്തി. കള്ളപ്പണം വന്‍തോതില്‍ വെളുപ്പിച്ചെന്നുള്ളത് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അഴിമതി ഇപ്പോഴും തുടരുകയും ചെയ്യുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ജനാധിപത്യത്തിനും മേലുള്ള മുന്നറിയിപ്പ് കൂടാതെയുള്ള ആക്രണമായിരുന്നെന്നും മന്‍മോഹന്‍സിംഗ് ആരോപിച്ചു.