ദേശീയ ആഘോഷ ആനുകൂല്യങ്ങള്‍; രാജ്യമെങ്ങും 50 ശതമാനം ഗതാഗത പിഴയിളവ്

Posted on: December 4, 2017 9:55 pm | Last updated: December 4, 2017 at 9:55 pm

ദുബൈ: വിവിധ ഗതാഗത കുറ്റങ്ങളില്‍ ഏര്‍പെടുത്തിയ പിഴകളില്‍ രാജ്യത്തെ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആശ്വാസം പകര്‍ന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ്. രാജ്യ വ്യാപകമായി ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കണമെന്നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ട്രാഫിക്ക് ആന്‍ഡ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്‌മെന്റിന് നല്‍കിയ നിര്‍ദേശം.

നടപടി ക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേകം നിരീക്ഷണം നടത്തണമെന്നും ശൈഖ് മുഹമ്മദിന്റെ ഉത്തരവിലുണ്ട്. 46-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്.
കഴിഞ്ഞ ദിവസം, ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ രണ്ടു വരെയുള്ള ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു കൊണ്ട് ദുബൈ പോലീസ് രംഗത്ത് വന്നിരുന്നു. 90 ദിവസങ്ങള്‍ക്കാണ് പിഴ ഇളവുകളോടെ ഒടുക്കാനുള്ള സമയ ക്രമമായി നിശ്ചയിച്ചിട്ടുള്ളത്. ഷാര്‍ജ പോലീസ്, വടക്കന്‍ എമിറേറ്റുകള്‍ എന്നിവയും പിഴ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഷാര്‍ജ പോലീസ് 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പിഴ ഇളവുകള്‍ ഈ മാസം 31ന് അവസാനിക്കുകയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പ്രഖ്യാപിച്ച 50 ശതമാനം പിഴയിളവ് മൂന്ന് മാസ കാലാവധി ഉണ്ടാകുമെന്നും ഷാര്‍ജ പോലീസ് ട്രാഫിക്ക് വിഭാഗം അസി ഡയറക്ടര്‍ ഫസ്റ്റ് ലഫ് സഊദ് അല്‍ ശൈബ പറഞ്ഞു.

വിവിധ ഗതാഗത കുറ്റങ്ങളില്‍ കണ്ടു കെട്ടിയ വാഹനങ്ങളുടെ മേല്‍ ഏര്‍പെടുത്തിയ പിഴകളിലും ഷാര്‍ജ പോലീസ് 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പെടുത്തിയ പിഴ ഇളവിലും 50 ശതമാനം നിരക്കിളവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.