ഇനി കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി നയിക്കും; പ്രഖ്യാപനം 11ന്

Posted on: December 4, 2017 7:16 pm | Last updated: December 4, 2017 at 7:16 pm

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ ഈ മാസം 11 ന് പ്രഖ്യാപിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരുടെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രഖ്യാപിക്കാനുള്ള സാങ്കേതിക നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെയാണ് പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ക്കൊപ്പമെത്തി മുല്ലപ്പള്ളി രാമചന്ദ്രന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രവര്‍ത്തകസമിതി അംഗങ്ങള്‍ അടക്കം മുതിര്‍ന്ന മുപ്പത് നേതാക്കള്‍ രാഹുലിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയശേഷമായിരുന്നു രാഹുല്‍ പത്രിക സമര്‍പ്പണത്തിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയത്.

മന്‍മോഹന്‍ സിംഗ് അടക്കമുള്ള നേതാക്കള്‍ രാഹുലിനൊ അനുഗമിച്ചു.കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും പത്രികാ സമര്‍പ്പണത്തിന് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മൂന്ന് പത്രികകളാണ് കേരളത്തില്‍ നിന്നും സമര്‍പ്പിച്ചത്. രാഹുലിനായി വിവിധ തലങ്ങളില്‍ നിന്നായി തൊണ്ണൂറ് നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചത്.