National
ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ നാളെ തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ആഗസ്റ്റ് പതിനൊന്നിന് കേസ് പരിഗണിച്ചപ്പോഴാണ് ഡിസംബര്‍ അഞ്ച് മുതല്‍ വാദം കേള്‍ക്കാമെന്ന് ബഞ്ച് വ്യക്തമാക്കിയത്.
ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പുരാതന ലിപിയിലായതിനാല്‍ അവ മൊഴിമാറ്റി ഇംഗ്ലീഷിലേക്കാക്കുന്നതിന് കക്ഷികള്‍ക്ക് സമയം അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതി കേസ് മാറ്റിയത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉള്‍പ്പെടെ 2.73 ഏക്കര്‍ ഭൂമിയില്‍ അവകാശവാദമുന്നയിച്ച് രണ്ട് ഹിന്ദുത്വ സംഘടനകളും സുന്നി വഖ്ഫ് ബോര്‍ഡുമാണ് രംഗത്തുള്ളത്. ശിയാ വഖ്ഫ് ബോര്‍ഡും മറ്റു സംഘടനകളും കേസില്‍ പിന്നീട് കക്ഷി ചേര്‍ന്നിട്ടുണ്ട്.
ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇരുപത്തിയഞ്ച് വര്‍ഷം ഈ മാസം ആറിന് തികയാനിരിക്കെയാണ് കേസില്‍ വാദം കേള്‍ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 1992 ഡിസംബര്‍ ആറിനായിരുന്നു ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് രഥയാത്ര നടത്തി ബാബരി മസ്ജിദ് തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ലക്‌നോവിലെ പ്രത്യേക കോടതിയില്‍ വാദം കേള്‍ക്കുന്നുണ്ട്. നേരത്തെ സുപ്രീം കോടതി ഇടപെട്ട് എല്‍ കെ അഡ്വാനി, ഉമാ ഭാരതി, എം എം ജോഷി എന്നിവരെ ഗൂഢാലോചനാ കേസില്‍ വിചാരണ നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി ആദ്യം പരിഗണിക്കേണ്ടത് മസ്ജിദ് തകര്‍ത്ത കേസാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് ലിബര്‍ഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതിന് ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ അടുത്തിടെ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല.