Connect with us

Gulf

മര്‍കസ് യു എ ഇ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഉജ്വല സമാപനം

Published

|

Last Updated

മർകസ് യുഎഇ ദേശീ്യ ദിനാഘോഷത്തിൽ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിഅ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തുന്നു

ദുബൈ: ദുബൈ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ 46-മത് യു എ ഇ ദേശീയ ദിനം വൈവിധ്യമാര്‍ന്ന ചടങ്ങുളോടെ ആഘോഷിച്ചു. അല്‍ വാസല്‍ ക്ലബ്ബില്‍ നടന്ന ആഘോഷ പരിപാടികളില്‍ സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍ സംബന്ധിച്ചു.
സഹവര്‍ത്തിത്വത്തിന്റെയും പുരോഗതിയുടേയും പാതയിലേക്ക് ലോകത്തിന് തന്നെ മാതൃകയായി രാജ്യത്തെ നയിക്കുന്ന യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും മലയാളി സമൂഹത്തിന്റെ അഭിനന്ദനം അറിയിച്ചു കൊണ്ടും രാജ്യത്തിന്റെ ആഘോഷത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഡ്യവുമായാണു ആഘോഷ പരിപാടികള്‍ ഒരുക്കിയത്.

ദേശീയ ദിനാഘോഷ സമ്മേളനം മുസ്തഫ ദാരിമി വിളയൂരിന്റെ അധ്യക്ഷതയില്‍ ദുബൈ പോലീസ് അസിസ്റ്റന്റ് ഡയറക്ടറും അക്കാദമിക് വിഭാഗം തലവനുമായ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ ശാംസി ഉദ്ഘാടനം ചെയ്തു. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ദേശീയ ദിന സന്ദേശം നല്‍കി. ജബല്‍ അലി പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ആദില്‍ മുഹമ്മദ് അബ്ദുല്‍ അസീസ്, കേരള മുസ്ലിം ജമാ അത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി എന്നിവര്‍ പ്രസംഗിച്ചു.

അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിഅ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. രാഷ്ട്രപിതാവ് മഹാനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അടിത്തറ പാകിയ യു.എ.ഇ വിവേകം, ക്ഷമ, സന്മനോഭാവം, ജീവിത നന്മ, ഉത്തരവാദിത്ത നിര്‍വഹണത്തിലെ ആത്മാര്‍ത്ഥ, അര്‍പ്പണബോധം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ലോകത്തിനു മാതൃകയായി മാറിയെന്ന് കാന്തപുരം പറഞ്ഞു. യു എ ഇ യോട് വിദേശീ സമൂഹം വലിയ രീതിയില്‍ കടപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തോട് കൂറും പ്രതിബന്ധതയും പുലര്‍ത്തിയും നിയമങ്ങള്‍ അനുസരിച്ചും വസിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി ഭരണ സാംസ്‌കാരിക വാണിജ്യ രംഗങ്ങളിലെ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. മര്‍കസ് മദ്രസയിലെ വിദ്യാര്‍ഥികളും കലാലയം നാഷണല്‍ സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിച്ച വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സദസ്സ്യരുടെ മനം കവര്‍ന്നു.

സമാപനമായി നടന്ന മര്‍കസ് റൂബി ജൂബിലി ഐക്യദാര്‍ഡ്യ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമാപന സന്ദേശത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.

എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, അബൂബക്കര്‍ കേളോത്ത്, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് പ്രസംഗിച്ചു.

ഐ സി എഫ് വെല്‍ഫെയര്‍ സമിതിയുടെ സേവന സന്നദ്ധ വിഭാഗമായ സ്വഫ്വ ടീമിനെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ സമര്‍പ്പിച്ചു. നഗരിയില്‍ ഹാദിയ വിമന്‍സ് അക്കാദമിയുടെ കീഴില്‍ “യു.എ.ഇ ചിത്രം ചരിത്രം” കളറിംഗ് മത്സരവും പെണ്‍കുട്ടികള്‍ക്ക് ക്വിസ് മത്സരവും നടത്തി. ദുബൈ പോലീസുമായി സഹകരിച്ചു നേരത്തേ നടന്ന പരിപാടിയില്‍ ട്രാഫിക് വിഭാഗത്തിലെ ഉമര്‍ മുസല്ലം ഉസ്മാന്‍ ട്രാഫിക് സുരക്ഷാ ബോധവത്കരണം നടത്തി.

 

---- facebook comment plugin here -----

Latest