Connect with us

Kerala

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം: എസ് വൈ എസ്

Published

|

Last Updated

കൊച്ചി: വഖഫ്‌ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എസ് വൈ എസ്. വഖഫ്‌ബോര്‍ഡ് ഒരു പൊതുസ്ഥാപനമാണെന്നിരിക്കെ നിയമനങ്ങള്‍ സുതാര്യമാകേണ്ടത് അനിവാര്യമാണ്. നിക്ഷിപ്ത താത്പര്യങ്ങളും രാഷ്ട്രീയമായ ഇടപെടലുകളും കാരണമായി അര്‍ഹരായവര്‍ തഴയപ്പെടുകയും അനര്‍ഹര്‍ ഉദ്യോഗങ്ങളില്‍ നിയമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്. പുതിയ തീരുമാനത്തോടെ ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് അറുതിവരണം. സംഘടനാപരമോ രാഷ്ട്രീയമോ ആയ താത്പര്യങ്ങളില്ലാതെ നീതിപൂര്‍വം വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. വഖഫ് ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും അഭിനന്ദനാര്‍ഹമാണെന്ന് എസ് വൈ എസ് അഭിപ്രയപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഡിസംബര്‍ അഞ്ചിന് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രകോപനപരമായ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൈയൂക്കിന്റെയും ധ്രുവീകരണത്തിന്റെയും സന്ദേശമാണ് രാജ്യംഭരിക്കുന്നവരില്‍നിന്നുണ്ടാവുന്നതെന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്ത് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും മസ്ജിദിന്റെ പുനര്‍ നിര്‍മാണം എവിടെയുമെത്തിയിട്ടില്ല അതേസമയം ജനാധിപത്യവിശ്വാസികളില്‍ പ്രത്യേകിച്ച് മതന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ അരക്ഷിതത്വം വളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങളെ രാജ്യത്തെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈജിപ്തിലെ സൂഫി മസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ഭീകരതയെ ലോകം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം. നിരപരാധികളെ കൊന്നുതള്ളുന്നത് ഒരുനിലക്കും അംഗീകരിക്കാന്‍ ആവില്ല ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആശയപരമായ പിന്തുണ നല്‍കുന്ന സലഫിസം പോലുള്ള ആശയധാരകളെ കയ്യൊഴിയാനും അതിന്റെ ഭാഗമായി നിലകൊള്ളുന്ന സംഘടനകളെ നിരോധിക്കാനും ലോകരാഷ്ട്രങ്ങള്‍ മുന്‍കൈയ്യെടുക്കണം. നാടുകാണി ചുരത്തില്‍ മഖാം തകര്‍ത്ത സംഭവത്തിലും പിടിയിലായത് സലഫികളാണ്. സാംസ്‌കാരിക പൈതൃകങ്ങളെ തകര്‍ക്കാനുള്ള പ്രചോദനമാണ് ഐ.എസ്സും, സലഫിസവും നല്‍കുന്നത്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മുഖമായ ഇസ്‌ലാം ഇത്തരത്തിലുള്ള മുഴുവന്‍ ഭീകര പ്രവര്‍ത്തനങ്ങളെയും കര്‍ശനമായി വിലക്കിയ മതമാണെന്നും യോഗം ആഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ത്വാഹ സഖാഫി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, റഹ്മത്തുല്ല സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, സ്വാദിഖ് വെളിമുക്ക്, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, എസ് ശറഫുദ്ദീന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

Latest