കാശ്മീരിനെ സ്വതന്ത്രമാക്കണം: ഹാഫിസ് സഈദിന്റെ പുതിയ വീഡിയോ

Posted on: November 23, 2017 4:07 pm | Last updated: November 23, 2017 at 4:07 pm

ലാഹോര്‍: പാക്കിസ്ഥാനില്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനും ഭീകര സംഘടനയായ ജമാഅത്തുദ്ദഅ്‌വ നേതാവുമായ ഹാഫിസ് സഈദ് ഇന്ത്യക്കെതിരെ പുതിയ വീഡിയോ പുറത്തുവിട്ടു. ജമ്മുകാശമീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുന്നതാണ് വീഡിയോ സന്ദേശം. വീട്ടുതടങ്കലില്‍ നിന്ന് മോചിതനായതിന് പിന്നാലെയാണ് ജമാഅത്തുദ്ദഅ വ പാക്കിസ്ഥാന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്.

കാശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് താന്‍ പോരാടുന്നത്. ഇതിന് വേണ്ടിയാണ് താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നത്. തന്റെ മോചനത്തില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ ഹാഫിസ് സഈദ് പറയുന്നു. വാഹനത്തില്‍വെച്ചാണ് സഈദ് വീഡിയോയില്‍ സംസാരിക്കുന്നത്. ഒരു മിനുട്ട് 40 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ലാഹോര്‍ ഹൈക്കോടതിയാണ് ഹാഫിസ് സഈദിനെ വിട്ടയച്ചുകൊണ്ട് ഇന്നലെ ഉത്തരവിട്ടത്. സഈദിന്റെ കസ്റ്റഡി കാലാവധി 60 ദിവസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചില്ല.