Connect with us

Kasargod

പാഠപുസ്തകങ്ങള്‍ കത്തിയമര്‍ന്നു; പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത ശ്വേത കണ്ണീര്‍ക്കയത്തില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: വീടിനൊപ്പം കത്തിച്ചാമ്പലായ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നോക്കി നെടുവീര്‍പ്പിടുകയാണ് ശ്വേത. എസ്എസ്എല്‍സി പരീക്ഷക്ക് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് അഗ്നിബാധയില്‍ ശ്വേതയുടെ വീട് പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും ഉള്‍പ്പെടെ ഒരു ജന്മത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും കത്തിനശിച്ചു.

മാതാപിതാക്കളും മൂന്നു മക്കളും വൃദ്ധ മാതാവും ഉള്‍പ്പെടെ ആറംഗ കുടുംബത്തിന്റെ ഉടുതുണി ഒഴികെയുള്ള മുഴുവന്‍ വസ്തുക്കളുമാണ് കത്തി നശിച്ച കാഴ്ച നിറകണ്ണുകളോടെയാണ് പരിസരവാസികള്‍ നോക്കിക്കണ്ടത്. ഇതിനൊപ്പമാണ് ശ്വേതയുടെയും സഹോദരങ്ങളുടെയും ജീവിതപ്രതീക്ഷയായിരുന്ന പാഠപുസ്തകങ്ങളും അഗ്നിക്കിരയായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കുശാല്‍നഗര്‍ കടിക്കാലിലെ ചന്ദ്രശേഖരയുടെ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണമായും കത്തിയത്. പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും കത്തി നശിച്ച ചന്ദ്രശേഖരയുടെ മകള്‍ ശ്വേത പരീക്ഷക്ക് എങ്ങനെ പഠിക്കുമെന്ന ആശങ്കയിലാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ തികച്ചും നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാന്‍ സുമനസുള്ള നാട്ടുകാരും സംഘടനകളും രംഗത്ത് വന്നു.