Connect with us

National

നാല് വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളും എ ടി എമ്മുകളും അപ്രസക്തമാകുമെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: വരുന്ന മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളും എ ടി എമ്മുകളും അപ്രസക്തമാകുമെന്ന് നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്. സാമ്പത്തിക ഇടപാടുകള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ മാത്രം മതിയാകും എന്ന അവസ്ഥ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നോയിഡയിലെ അമിറ്റി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്. നൂറ് കോടി ബയോമെട്രിക് കാര്‍ഡുകളുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ. അത്രത്തോളം തന്നെ മൊബൈല്‍ ഫോണുകളും ബേങ്ക് അക്കൗണ്ടുകളും രാജ്യത്തുണ്ട്. ഇന്ത്യയില്‍ നിന്ന് ഭാവിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഭാവിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ മൊബൈല്‍ ഫോണ്‍ വഴി നടക്കും. ഇതിന് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
ജനസംഖ്യാപരമായ പരിവര്‍ത്തനത്തിലേക്കാണ് ഇന്ത്യ ചുവടുവെക്കുന്നത്.

ജനസംഖ്യയുടെ 72 ശതമാനം ആളുകളും 32 വയസ്സില്‍ താഴെയുള്ളവരായുള്ള രാജ്യമാണ് ഇന്ത്യ. 2040 ആകുമ്പോഴേക്കും ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ “ചെറുപ്പമാകുമ്പോള്‍” യു എസും യൂറോപ്പും കൂടുതല്‍ “വൃദ്ധരാകുകയാണ്”. ഇത് തന്നെയാണ് അമേരിക്കയെയും യൂറോപ്പിനെയും അപേക്ഷിച്ച് ഇന്ത്യക്കുള്ള മേല്‍ക്കൈ. 7.5 ശതമാനം എന്ന തോതിലുള്ള വളര്‍ച്ചാ നിരക്കാണ് ഇന്ത്യയുടെത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ടപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. വളര്‍ച്ചാ നിരക്ക് 9-10 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് നമ്മുടെ വെല്ലുവിളിയെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.