കേരളം ഏറെ അകലെയല്ല

Posted on: November 11, 2017 7:32 am | Last updated: November 10, 2017 at 10:30 pm
SHARE

വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ആരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിറകെ നവംബര്‍ 13 മുതല്‍ 17 വരെ സര്‍ക്കാര്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇതനുസരിച്ച് ഒറ്റ അക്ക തീയതികളില്‍ ഒറ്റ അക്ക നമ്പറുള്ള വാഹനങ്ങള്‍ക്കും ഇരട്ട അക്ക തിയ്യിതികളില്‍ ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്കും മാത്രമേ ഓടാന്‍ അനുവദിക്കുകയുള്ളൂ. മലിനീകരണ നിയന്ത്രണത്തിനായി മൂന്നാം തവണയാണ് ഡല്‍ഹിയില്‍ വാഹന നിയന്ത്രണം നടപ്പിലാക്കുന്നത്. 2016 ജനുവരി ഒന്ന് മുതല്‍ 15 ദിവസത്തേക്കായിരുന്നു ആദ്യം ഈ പരിഷ്‌കാരം നടപ്പിലാക്കിയത്. ഏപ്രിലില്‍ വീണ്ടും നിയന്ത്രണംഏര്‍പ്പെടുത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് (ഐ എം എ) ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളോട് പുറത്ത് ഇറങ്ങരുതെന്നും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും ഐ എം എ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തുറന്ന വേദികളിലെ പരിപാടികളും യാത്രകളും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ആസ്ത്മ, ഹൃദയസബന്ധമായ രോഗികളും കുട്ടികളും ഏറെ സൂക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാലിന്യവും ഈര്‍പ്പവും ചേര്‍ന്ന പുകക്ക് സമാനമായ അന്തരീക്ഷമാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. കനത്ത പുകമഞ്ഞു മൂലം വിമാന ഗതാഗതവും റോഡിലൂടെയുള്ള വാഹന ഗതാഗതവും പ്രയാസകരമാണ്. 200 മീറ്റര്‍ ചുറ്റളവില്‍ പോലും കാഴ്ച തടസ്സപെടുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പുക നിറഞ്ഞ കാറ്റാണ് മലിനീകരണത്തിന്റെ മുഖ്യ കാരണമായി പറയുന്നത്. കൊയ്ത്തു കാലത്തിനു ശേഷം അടുത്ത വിളയിറക്കുന്നതിനു മുമ്പ് കൃഷിയിടത്തെ അവശേഷിച്ച വൈക്കോല്‍ കത്തിക്കുന്നത് ഇവിടങ്ങളില്‍ പതിവാണ്. ഇക്കുറി അത് വലിയതോതിലായതാണ് മലിനീകരണ തോത് കൂടാന്‍ ഇടയാക്കിയത്. ഈ സംസ്ഥാനങ്ങളില്‍ ഒക്‌ടോബര്‍ 27, 29, 31 തീയതികളില്‍ കറ്റ കത്തിക്കുന്ന ചിത്രം നാസ പുറത്തുവിടുകയും ചെയ്തിരുന്നു. ദീപാവലി കാലത്ത് വന്‍തോതില്‍ പടക്കം പൊട്ടിച്ചതും മലിനീകരണത്തിന് ആക്കം കൂട്ടി. മലിനീകരണം തടയുന്നതിന്റെ ഭാഗമായി പടക്ക വില്‍പ്പനക്ക് സുപ്രീം കോടതി താത്ാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫലവത്തായില്ല. കരിഞ്ചന്ത പടക്ക വില്‍പ്പന യഥേഷ്ടം നടന്നു. കോടതി വിധിയെ അവഗണിച്ചു പടക്കങ്ങള്‍ നന്നായി പൊട്ടിച്ചു തന്നെയാണ് ഡല്‍ഹിക്കാര്‍ ഇത്തവണയും ദീപാവലി ആഘോഷിച്ചത്.

ഡല്‍ഹിയില്‍ മാത്രമല്ല, കേരളമുള്‍പ്പെടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചു വരികയാണ്. 2015ല്‍ ലോകത്താകെ 65 ലക്ഷം പേര്‍ അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ കാരണം മരിച്ചതില്‍ 25 ലക്ഷവും ഇന്ത്യയിലായിരുന്നുവെന്നാണ് ഡല്‍ഹി ഐ ഐ ടി, യു എസിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. നെതര്‍ലാന്‍ഡില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസിക ‘ദി ലാന്‍സെറ്റ്’പുറത്തുവിട്ട കണക്കുകളും ഇതിനെ ശരിവെക്കുന്നു. ഒരോ മിനുട്ടിലും അഞ്ചുപേര്‍ വീതം ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം മൂലം മരണമടയുന്നുവെന്നാണ് കണക്കുകള്‍. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് വിവിധ ആശുപത്രികളില്‍ പ്രതിവര്‍ഷം ചികിത്സ തേടുന്നവരുടെ എണ്ണം രാജ്യത്ത് 2.6 കോടി വരും. ഒരാള്‍ക്ക് ശ്വസിക്കാന്‍ മണിക്കൂറില്‍ 13.5 കിലോ ഓക്‌സിജന്‍ ആവശ്യമുണ്ട്. അന്തരീക്ഷ മലിനീകരണം മതിയായ ഓക്‌സിജന്റെ ലഭ്യത തടയുന്നു. മനുഷ്യരക്തം മലിനമാകുകയും ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം തുടങ്ങിയ മാരകമായ അസുഖങ്ങള്‍പിടിപെടുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ അനന്തരഫലം.

ഇതര സംസ്ഥാനങ്ങളില്‍ വ്യാവസായിക മലിനീകരണമാണ് അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമെങ്കില്‍ കേരളത്തില്‍ വാഹനപെരുപ്പമാണ് അതിന്റെ വ്യാപ്തി കൂട്ടുന്നത്. 2000 ല്‍ സംസ്ഥാനത്ത് 20 ലക്ഷം വാഹനങ്ങളാണുണ്ടായിരുന്നതെങ്കില്‍ 2015 എത്തിയപ്പോള്‍ 96 ലക്ഷമായി ഉയര്‍ന്നു. ഇപ്പോള്‍ ഒരു കോടി പത്തു ലക്ഷത്തിന് മുകളിലായിട്ടുണ്ട്. 25 പേര്‍ക്ക് ഒരുവാഹനമെന്നതാണ് ദേശീയ ശരാശരി. കേരളത്തിലിത് ആറുപേര്‍ക്ക് ഒന്നെന്നതാണ്. കുടുംബങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ വാഹനങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. ദേശീയഗതാഗതത്തിലെ പൊതു-സ്വകാര്യ അനുപാതം 60 ശതമാനം പൊതുഗതാഗതവും 40 ശതമാനം സ്വകാര്യഗതാഗതവുമാണെങ്കില്‍ കേരളത്തില്‍ 40 ശതമാനം പൊതുഗതാഗതവും 60 ശതമാനം സ്വകാര്യവും എന്ന നിലയിലാണ്. സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഗണ്യമായ വിഭാഗവും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗബാധിതരാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എങ്കിലും ജനം ഇക്കാര്യത്തില്‍ ബോധവാന്മാരല്ല. പൊതുഗതാഗതത്തെ കൂടുതല്‍ ആശ്രയിച്ചു യാത്രക്കാര്‍ സ്വകാര്യഗതാഗതം പരമാവധി കുറക്കുകയും വ്യവസായ മലിനീകരണം തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുകയും ചെയ്യുന്നതുള്‍പ്പെടെ അന്തരീക്ഷ മലിനീകരണത്തിനെതിരായ നീക്കങ്ങള്‍ സര്‍ക്കാറും പൗരന്മാരും ശക്തമാക്കിയില്ലെങ്കില്‍ കേരളത്തിനും ഡല്‍ഹിയുടെ ഗതി വരാന്‍ ഏറെ കാലം വേണ്ടിവരില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here