Connect with us

International

സിറിയയില്‍ നിന്ന് ഇസിലിനെ തുരത്തി

Published

|

Last Updated

ദമസ്‌കസ്്: സിറിയയിലെ പ്രധാന നഗരമായ അല്‍ബു കമാലില്‍ നിന്ന് ഇസില്‍ തീവ്രവാദികളെ തുരത്തിയതായി സിറിയന്‍ സൈന്യം വ്യക്തമാക്കി. ഖിലാഫത്ത് അവകാശവാദത്തിന് ശേഷം ഇസില്‍ കൈയടക്കി വെച്ചിരുന്ന അവസാന നിര്‍ണായക ഭൂവിഭാഗമാണ് ഇതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ സിറിയയിലെ ഇസില്‍ സാന്നിധ്യം നാമമാത്രമായി തീര്‍ന്നുവെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദേര്‍ അസ്സൂര്‍ പ്രവിശ്യയിലെ അല്‍ബു കമാലിലേക്ക് ഇറാഖ് ഭാഗത്ത് നിന്ന് ഇരച്ചെത്തിയ സൈന്യവും സഖ്യ സൈനിക വിഭാഗങ്ങളും ഇസില്‍ സംഘത്തെ ആട്ടിയോടിച്ചുവെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. രൂക്ഷമായ ചെറുത്തു നില്‍പ്പ് നടത്താന്‍ തീവ്രവാദികള്‍ തയ്യാറായെന്നും റിപ്പോര്‍ട്ടുണ്ട്. അനുബന്ധ സായുധ ഗ്രൂപ്പുകളാണ് ഔദ്യോഗിക സൈന്യത്തെക്കാള്‍ അല്‍ബു കമാലിന്റെ മോചനത്തിനായി പോരാടിയതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. മേഖലയില്‍ ഇസില്‍ സാന്നിധ്യം വന്‍ തിരിച്ചടി നേരിടുകയാണ്. ഇതിന്റെ അവസാന തെളിവാണ് അല്‍ബു കമാലിന്റെ മോചനം. നഗരത്തിന്റെ പകുതി ഭാഗത്ത് ഇസില്‍ നിലയുറപ്പിച്ചെങ്കിലും ഒടുവില്‍ വടക്ക് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വീണ്ടും സംഘടിച്ച് നഗരത്തില്‍ എത്താതിരിക്കാന്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സൈന്യം പറയുന്നു.

റഷ്യ, ഇറാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യം ഇസില്‍ മേഖലയില്‍ ആക്രമണം നടത്തുന്നത്.

Latest