Connect with us

International

കാറ്റലന്‍ നേതാക്കള്‍ റിമാന്‍ഡില്‍

Published

|

Last Updated

മാഡ്രിഡ്: പുറത്താക്കപ്പെട്ട എട്ട് കാറ്റലോണിയന്‍ നേതാക്കളെ സ്‌പെയിനിലെ മാഡ്രിഡ് ഹൈക്കോടതി റിമാന്‍ഡ് ചെയ്തു. കോടതി അറിയിച്ചതിനെ തുടര്‍ന്ന് ഒമ്പത് കാറ്റലന്‍ നേതാക്കള്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ഇവരില്‍ എട്ട് പേരെയാണ് രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി റിമാന്‍ഡ് ചെയ്തത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ച ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ളസ് പ്യുഗ്ഡിമോണ്ടിന് സ്പാനിഷ് ഹൈക്കോടതി അറസ്റ്റ് മുന്നറിയിപ്പ് നല്‍കി. സ്വാതന്ത്ര്യ പ്രഖ്യാപനം സ്‌പെയിന്‍ തള്ളിയതോടെ നിയമനടപടികള്‍ ഭയന്ന് പ്യുഗ്ഡിമോണ്ട് അടക്കമുള്ള 13 കാറ്റലന്‍ നേതാക്കള്‍ രാജ്യം വിട്ടിരുന്നു.

എന്നാല്‍, വിമത പ്രവര്‍ത്തനം, രാജ്യദ്രോഹം, പൊതുധന ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ ഇവരോട് നേരിട്ട് ഹാജരാകാന്‍ സ്പാനിഷ് കോടതി ആവശ്യപ്പെടുകയായിരുന്നു. പ്യുഗ്ഡിമോണ്ട് ഒഴികെയുള്ള ഒമ്പത് പേര്‍ ഇന്നലെ കോടതിയില്‍ ഹാജരായി. ഈ സാഹചര്യത്തിലാണ് പ്യുഗ്ഡിമോണ്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുമെന്ന് ഹൈ ക്കോടതി മുന്നറിയിപ്പ് നല്‍കിയത്. അദ്ദേഹത്തിന് ഹാജരാകാന്‍ ഇന്ന് കൂടി അവസരം നല്‍കിയിട്ടുണ്ട്.
കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് സ്‌പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ നിയമമാണെന്നും സുപ്രീം കോടതി പ്രസിഡന്റ് കാര്‍ളോസ് ലെസ്മസ് പറഞ്ഞു.
പ്യുഗ്ഡിമോണ്ട് ഇപ്പോള്‍ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് ഉള്ളത്. താന്‍ രാഷ്ട്രീയ അഭയം തേടിയല്ല ബെല്‍ജിയത്തില്‍ വന്നതെന്നും സ്‌പെയിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും പ്യുഗ്ഡിമോണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ ഹാജരാകുന്നതിന് ഇപ്പോള്‍ അനുകൂല രാഷ്ട്രീയ കാലാവസ്ഥയല്ല നിലനില്‍ക്കുന്നതെന്നും എന്നാല്‍, ആവശ്യമായ സമയത്ത് സ്‌പെയിനിന്റെയോ ബെല്‍ജിയത്തിന്റെയോ നീതിന്യായ വ്യവസ്ഥകളുമായി സഹകരിക്കാന്‍ പ്യുഗ്ഡിമോണ്ട് ഒരുക്കമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അറസ്റ്റുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മറ്റ് കാറ്റലന്‍ നേതാക്കള്‍ ഇന്നലെ രാവിലെ തന്നെ സുപ്രീം കോടതിയില്‍ എത്തിയത്. കോടതി നടപടികള്‍ ഇന്നും തുടരും.
കാറ്റലോണിയയുടെ പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് ഒറിയോള്‍ ജാന്‍ക്വറാസാണ് ആദ്യം എത്തിയത്. ഇദ്ദേഹത്തിന്് പിന്തുണയുമായി നൂറുകണക്കിന് രാഷ്ട്രീയക്കാരും അനുയായികളും കോടതി പരിസരത്ത് എത്തിയിരുന്നു. “സ്വാതന്ത്ര്യം… സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ മറ്റ് 11 കാറ്റലന്‍ നേതാക്കളും പിന്നാലെ കോടതിയിലെത്തി.